ഡ്യൂട്ടി സമയത്തെ മദ്യപാനം; 97 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു

Written by Taniniram CLT

Published on:

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി യൂണിറ്റുകളിൽ നടത്തിയ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങിയത് 137 ജീവനക്കാർ. ഇതേത്തുടർന്ന് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം കൈവശം സൂക്ഷിച്ചതിനും കെഎസ്ആർടിസിയിലെ 97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരും അടങ്ങുന്ന 40 പേരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

ഡ്യൂട്ടിക്ക് എത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കണമെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം കെഎസ്ആർടിസി ചീഫ് ഓഫിസ് ഉൾപ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക് ഷോപ്പുകളിലുമാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ ഒരു ഇൻസ്പെക്ടർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാർ, ഒരു സ്റ്റേഷൻ മാസ്റ്റർ, ഒരു സർജന്റ്, ഒൻപത് സ്ഥിരം മെക്കാനിക്കുമാർ, ഒരു ഗ്ലാസ് കട്ടർ, ഒരു കുറിയർ – ലോജിസ്റ്റിക്സ് ബദലി, 33 സ്ഥിരം കണ്ടക്ടർമാർ, 13 ബദലി കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 49 സ്ഥിരം ഡ്രൈവർമാർ, 16 ബദലി ഡ്രൈവർമാർ, 8 സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർമാർ എന്നിവരെയാണ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതായി കണ്ടെത്തിയത്. പരിശോധന ഇനിയും തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Related News

Related News

Leave a Comment