കോഴിക്കോട്: ജനറല്‍ ടിക്കറ്റ് എടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ടിടിഇ പുറത്തേക്ക് തള്ളിയിട്ടുവെന്ന് പരാതി.
കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫയേയും മകളേയും നേത്രാവതി എക്‌സ്പ്രസ് എസ്2 കോച്ചില്‍ നിന്നു ടിടിഇ തള്ളിയിട്ടവെന്നാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നാലാം പ്ലാറ്റ്‌ഫോമില്‍ ഇന്നലെ വൈകുന്നേരം 6.25ന് ആണ് സംഭവം. കണ്ണൂരിലേക്കു പോകാനെത്തിയ കുടുംബത്തിനു ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റില്‍ തിരക്കായതുകൊണ്ട് ഭാര്യയെയും മകളെയും റിസര്‍വേഷന്‍ കോച്ചില്‍ കയറ്റി. അതിന് ശേഷം ഫൈസല്‍ മകനോടൊപ്പം ജനറല്‍ കോച്ചില്‍ കയറി. ട്രെയിന്‍ പുറപ്പെടുന്നതിനിടെ ബഹളം കേട്ട് പുറത്തേക്കു നോക്കിയപ്പോള്‍ മകളെയും മറ്റു രണ്ടു കുട്ടികളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്കു തള്ളിയിറക്കുന്നതായി കണ്ടു. ഉടനെ മകനോടൊപ്പം ഫൈസല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി മകളെ പിടിച്ചു. ഇതിനിടയില്‍ ഭാര്യയെയും പുറത്തേക്കു ഇറക്കി. വീഴ്ചയില്‍ കൈക്കു പരുക്കേറ്റു. റെയില്‍വേ സുരക്ഷാ സേന എത്തി പ്രാഥമിക അന്വഷണത്തിനു ശേഷം റെയില്‍വേ പൊലീസില്‍ എത്തിച്ചു.