കോട്ടയം: രോഗികൾ ഉൾപ്പെടെയുള്ളവർക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭൂഗർഭ സഞ്ചാരപാത ഒരുങ്ങുന്നു.പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1.30 കോടി രൂപയാണ് പദ്ധതിച്ചെലവ്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചുകടക്കാനാണ് ഭൂഗർഭ പാത നിർമിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ പ്രവേശന കവാടത്തിന് സമീപത്ത് നിന്നാണ് 18.576 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുള്ള ഭൂഗർഭ പാത നിർമിക്കുന്നത്. പാതയുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.
ഭൂഗർഭ സഞ്ചാരപാതയുടെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു. കേരളത്തിലെ മികച്ച മെഡിക്കൽ കോളേജുകളിലൊന്നാണ് കോട്ടയത്തേത്. സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ നടക്കുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കൽ കോളേജ്. ആരോഗ്യ രംഗത്ത് മികച്ച റെക്കോഡാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വിഎൻ വാസവൻ കൂട്ടിച്ചേർത്തു. എം പിമാരായ തോമസ് ചാഴികാടൻ, എളമരം കരീം, ജോൺ ബ്രിട്ടാസ് എന്നിവരുടെ ഫണ്ടും കോട്ടയം മെഡിക്കൽ കോളേജിന്റെ വികസന പ്രാവർത്തനങ്ങൾക്കായി ലഭിച്ചുവെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. സിഎസ്ആർ ഫണ്ടിൽ നിന്നടക്കമുള്ള തുക കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.