കേരള സർവകലാശാലയുടെ സെനറ്റ് (Kerala University Senate) യോഗം അവസാനിച്ചു. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം നിയമ വിരുദ്ധമാണെന്ന പ്രമേയം പാസാക്കിക്കൊണ്ടാണ് സെനറ്റ് യോഗം അവസാനിച്ചത്. 65 പേർ പ്രമേയം അംഗീകരിച്ചു. ഗവർണറുടെ നോമിനികളും യുഡിഎഫ് അംഗങ്ങളുമായ 26 പേർ മാത്രമാണ് പ്രമേയത്തെ എതിർത്തത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും യോഗത്തിൽ പങ്കെടുത്തിരുന്നു. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, സെനറ്റ് യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിക്കുന്നതിനെ വിസി എതിർത്തു. മന്ത്രി ആർ.ബിന്ദുവും വിസിയുടെ ചുമതലയുള്ള മോഹനൻ കുന്നുമ്മലും തമ്മിൽ വാക്കുതർക്കമുണ്ടായി. സേർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് മന്ത്രി പ്രമേയം അവതരിപ്പിച്ചതാണ് തർക്കത്തിന് വഴിവെച്ചത്. സാധാരണ ഉന്നത വിദ്യാഭ്യാസമന്ത്രി യോഗത്തിൽ പങ്കെടുക്കുന്ന പതിവില്ല. പ്രമേയം പാസായെന്ന് മന്ത്രി പറഞ്ഞതോടെ തർക്കം തുടങ്ങി. ചർച്ച കൂടാതെ പ്രമേയം പാസാക്കുന്നതെങ്ങനെയെന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. യോഗം വിളിച്ചത് താനായതിനാൽ അധ്യക്ഷൻ താനാണെന്ന് വിസി പറഞ്ഞു. മന്ത്രി അധ്യക്ഷത വഹിച്ചതും അജൻഡ വായിച്ചതും ശരിയല്ലെന്നും വിസി വ്യക്തമാക്കി. യോഗം പിരിഞ്ഞതിന് ശേഷവും പ്രതിഷേധം തുടർന്നു.