കേരള ടെക്നോളജി എക്സ്പോ (കെടിഎക്സ്) (Kerala Technology Expo – KTX) 2024-ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി കോഴിക്കോട് (Kozhikode). ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ കോഴിക്കോട് മിനി ബൈപ്പാസിലെ കാലിക്കറ്റ് ട്രേഡ് സെന്റർ ആന്റ് കൺവെൻഷൻ ഹാളിൽ വെച്ചാണ് എക്സ്പോ നടക്കുക. കാലിക്കറ്റ് ഇനൊവേഷൻ ആന്റ് ടെക്‌നോളജി ഇനിഷ്യേറ്റീവ് (സിറ്റി 2.0) (Calicut Innovation & Technology Initiative 2.0 – CITI 2.0) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൻ്റെ സാങ്കേതിക മേഖലയിൽ വിശാലമായ സാധ്യതകൾ തുറക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിയിൽ സാങ്കേതിക രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുക്കും.
കോഴിക്കോട് നഗരത്തെ ഇന്ത്യയിലെ വളർന്നുവരുന്ന ഒരു ഐടി കേന്ദ്രമായി ഉയർത്തുന്നതിനുമുള്ള ശ്രമത്തിൻ്റെ ഭാഗമായി കൂടിയാണ് എക്സ്പോ നടത്തുന്നത്. കേരളത്തിലെ ചലനാത്മകമായ ഇനൊവേഷൻ ഇക്കോസിസ്റ്റത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരിക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. സാങ്കേതിക വിദ്യാ രംഗത്ത് ആഗോള നേതൃനിരയിലുള്ളരും വ്യത്യസ്ത വ്യവസായിക മേഖലയിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുക്കും. 200-ൽ പരം സ്റ്റാളുകളുള്ള എക്‌സിബിഷനും കെടിഎക്‌സ് 2024 നോട് അനുബന്ധിച്ച് നടക്കും. 100-ൽ പരം പ്രഭാഷകരും, 5000 ൽ ഏറെ പ്രതിനിധികളുമാണ് പരിപാടിയുടെ ഭാഗമാവുക. ആഗോള – മധ്യേഷ്യ- ഇന്ത്യൻ സാങ്കേതിക വിദ്യാ പരിതസ്ഥിതികളെ പരസ്പരം ബന്ധിപ്പിക്കാൻ കെടിഎക്‌സ് 2024ന് കഴിയും.