ഭരതനാട്യം യുപി മത്സരത്തിനിടയിൽ പെൻഡ്രൈവിൽ നിന്നും പാട്ട് വരാതെ ഒന്ന് അമ്പരന്നെങ്കിലും ഗുരുനാഥന്റെ മൊബൈലിൽ നിന്നും വന്ന പാട്ട് കേട്ട് കൃഷ്ണേന്ദു തളരാതെ നൃത്തം ചെയ്തു.
ഇരിങ്ങാലക്കുട ലിസി കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൃഷ്ണേന്ദു. മൂന്ന് ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സബ്ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഒന്നാം സ്ഥാനത്ത് എത്തിയ കുട്ടിയിൽ നിന്നും പിന്തള്ളി പോയത്. വിധികർത്താക്കളോട് കൃഷ്ണേന്ദു നൃത്തം ചെയ്തതിലെ പോരായ്മ ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും വിധികർത്താക്കൾ “പറഞ്ഞുതരാൻ അറിയില്ല” എന്ന മറുപടിയാണ് തങ്ങൾക്ക് നൽകിയതെന്ന് കൃഷ്ണേന്ദുവിന്റെ അധ്യാപിക പറയുന്നു.
രണ്ടുദിവസം മുമ്പാണ് മത്സരിക്കാം എന്നുള്ള അപ്പീൽ വിധി സ്കൂളിലേക്ക് വരുന്നത്. അങ്ങനെയാണ് കൃഷ്ണേന്ദു മൂന്നിനങ്ങളിൽ മത്സരിക്കുന്നത്. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് മത്സരിക്കുന്നത്.
മത്സര വേദികളിൽ സാങ്കേതിക പിഴവ് മൂലം കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെവരുന്നതായും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.