തിരുവനന്തപുരം: വനംവികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസിന്റെ മിന്നല്‍ പരിശോധന തുടരുന്നു. വിനോദ സഞ്ചാരികളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുകയില്‍ വ്യാപക വെട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ‘ഓപ്പറേഷൻ ജംഗിള്‍ സഫാരി’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും മറ്റും വിനോദസഞ്ചാരികളില്‍ നിന്ന് വനത്തിലേക്കുള്ള പ്രവേശനത്തിനായി പിരിച്ചെടുക്കുന്ന തുക, സര്‍ക്കാര്‍ ട്രഷറിയില്‍ അടക്കാതെ വെട്ടിക്കുന്നുവെന്നാണ് വിവരം.
ഇക്കോ ടൂറിസത്തിന്റെ വന ഉല്‍പ്പന്ന വിപണനത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ തുക കണക്കില്‍ കാണിക്കാതെ തട്ടിയെടുക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. വനംപരിപാലന പദ്ധതിയുമായി ബന്ധപ്പെട്ടും പരാതികളുയര്‍ന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധനയുമായി വിജിലൻസ് ഇറങ്ങിയത്.