അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിൽ ആശയക്കുഴപ്പം. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. അതേസമയം, പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്നാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം. വിഷയത്തിൽ തീരുമാനമെടുക്കാൻ അൽപം സമയം തരൂ എന്നാണ് ശശി തരൂര്‍ പറയുന്നത്.
രാമക്ഷേത്ര വിഷയത്തിൽ അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് ആശയക്കുഴപ്പം നേരിടുകയാണ്. അതിനിടെയാണ് സംസ്ഥാനത്തെ നേതാക്കൾക്കിടയിലും ഇതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന സംസ്ഥാന ഘടകത്തിന്റെ തീരുമാനം ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നാണ് മുരളീധരൻ വ്യക്തമാക്കുന്നത്. എന്നാൽ ചടങ്ങിൽ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മറുപടി നൽകി. കെപിസിസിയുടെ അഭിപ്രായം ചോദിച്ചാൽ നിലപാട് പറയുമെന്നും, നേതൃത്വം ഇതുവരെ അഭിപ്രായം ആരാഞ്ഞിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ മുരളീധരൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. സമസ്ത അവരുടെ നിലപാടാണ് പറഞ്ഞതെന്നും അക്കാര്യം പറയാനുള്ള അവകാശം സമസ്തക്ക് ഉണ്ടെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു. ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത് വ്യക്തികളെയാണെന്നാണ് ശശി തരൂരിന്റെ അഭിപ്രായം. വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരു വ്യക്തിയെന്ന നിലയിൽ പങ്കെടുക്കാൻ അവകാശമുണ്ട്. സിപിഐഎമ്മിന് മതവിശ്വാസം ഇല്ല, അതുകൊണ്ട് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയും. കോൺഗ്രസ് വിശ്വാസികളുള്ള പാർട്ടിയാണെന്നും നിലപാടെടുക്കാൻ സമയം ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.