പനമരം(വയനാട്) : വയനാട് പനമരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കല്പറ്റ സ്‌പെഷ്യല്‍ അഡീഷണല്‍ കോടതി തള്ളി. റിമാന്‍ഡില്‍ കഴിയുന്ന മധ്യവയസ്‌കന്റെ ജാമ്യാപേക്ഷയും ഒളിവില്‍പ്പോയ ദമ്പതിമാരുടെ മുന്‍കൂര്‍ജാമ്യാപേക്ഷയുമാണ് കോടതി തള്ളിയത്. കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന പൂതാടി കോട്ടവയല്‍ സ്വദേശി കിഴക്കേമഞ്ചംങ്കോട് സുരേഷ് (59)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഒളിവില്‍ കഴിയുന്ന പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38)യുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചു. 2020 മുതല്‍ 2023 വരെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിപ്രകാരം കേണിച്ചിറ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. ഒന്‍പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തന്‍ പിഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഹാനി വരുത്തിയതായും പരാതിയിലുണ്ട്. പ്രചിത്തന്‍ തന്റെ വീട്ടില്‍വെച്ച് പരാതിക്കാരിയും വിദ്യാര്‍ഥിനിയുമായിരുന്ന പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഭാര്യ ഇതിനെല്ലാം കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റംതോന്നിയ മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒളില്‍പ്പോയ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. പ്രതികളെ കണ്ടെത്താന്‍ കേണിച്ചിറ എസ്.ഐ. ടി.കെ. ഉമ്മറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്.