വടക്കഞ്ചേരി : പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയ്ക്കുള്ള പരിശോധന കർശനമാക്കിയതോടെ മതിയായ രേഖകൾ ഇല്ലാത്ത നൂറോളം വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹന ഉടമകൾക്കാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ആർസി ബുക്കിൽ വാഹനത്തിന്റെ നമ്പറും ഉടമയുടെ പേരും പഞ്ചായത്തും കൃത്യമാണെങ്കിലേ സൗജന്യം അനുവദിക്കുകയുള്ളുവെന്ന് അറിയിച്ച് ടോൾ കമ്പനി പരിശോധന നടത്തിയതോടെയാണ് 6 പഞ്ചായത്തുകൾക്ക് പുറമേ നിന്നെത്തിയ വാഹനങ്ങൾക്ക് ടോൾ ഈടാക്കിയത്.പലരും തർക്കിച്ചെങ്കിലും വാഹന ഉടമയുടെ വിലാസം മേൽപറഞ്ഞ പഞ്ചായത്തിൽ അല്ലാത്ത വാഹനങ്ങളെ ടോൾ നൽകിയ ശേഷമാണ് കടത്തിവിട്ടത്. ഇത് പരിശോധന നടത്തിയ ലൈനിൽ തിരക്ക് വർധിപ്പിച്ചു. ആർ സി ബുക്കിന്റെ ഒറിജിനലോ കോപ്പിയോ കാണിക്കാതെ തുടർന്നുള്ള ദിവസങ്ങളിലും സൗജന്യയാത്ര അനുവദിക്കില്ല. വിവിധ വാഹനങ്ങൾ പ്രദേശവാസികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗപ്പെടുത്തി കടന്നുപോകുന്നത് ഇതോടെ നിലച്ചു.
പന്നിയങ്കര ടോൾപ്ലാസയിൽ കർശന പരിശോധന; പ്രദേശവാസികൾ ആർ സി കാണിക്കണം
Written by Taniniram1
Published on: