ചരിത്ര രചനയ്ക്ക് ഒരുങ്ങി കേരള സംഗീത നാടക അക്കാദമി : പൊതുജനങ്ങളില്‍ നിന്നും കലാസംഘടനകളില്‍ നിന്നും ചരിത്ര രേഖകള്‍ ക്ഷണിച്ചു

Written by Taniniram1

Published on:

കേരള സംഗീത നാടക അക്കാദമിയുടെ 66 വര്‍ഷത്തെ സുവര്‍ണ്ണ ചരിത്രത്തെ താളുകളില്‍ രേഖപ്പെടുത്തി വെയ്ക്കാന്‍ അക്കാദമി ഒരുങ്ങുന്നു.1958 ഏപ്രില്‍ 26 ന് കേരള സംഗീത നാടക അക്കാദമിയുടെ ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു നിര്‍വഹിച്ചതുമുതലുളള ചരിത്രമാണ് അക്കാദമി രേഖപ്പെടുത്തിവെയ്ക്കാന്‍ പോകുന്നത്. സംഗീതം, നൃത്തം, നാടകം,നാടന്‍ / രംഗ കലകള്‍, പ്രക്ഷേപണ കല എന്നീ വ്യത്യസ്ത സര്‍ഗ്ഗ മേഖലകളുടെ ഉന്നമനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നതിനുമായി രൂപം കൊണ്ട അക്കാദമിയുടെ വളര്‍ച്ചയുടെ നാള്‍വഴികള്‍ അടക്കമുള്ള വിവരങ്ങള്‍ ഈ ചരിത്രത്തിന്റെ ഭാഗമാകും.ഈ ഉദ്യമം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനായി അക്കാദമിയുടെ ആരംഭകാലം തൊട്ട്, ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി പല ഘട്ടങ്ങളിലായി വിവിധതലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച വ്യക്തികള്‍, സംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന, അക്കാദമിയെ സംബന്ധിച്ചുള്ള കത്തുകള്‍, ചിത്രങ്ങള്‍, മറ്റു രേഖകള്‍ എന്നിവ അക്കാദമിക്ക് അയച്ചു തന്ന് സഹകരിക്കണമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.അക്കാദമിക്ക് നേരിട്ടോ,തപാല്‍ മാര്‍ഗ്ഗമോ കൈമാറുന്ന രേഖകള്‍,പകര്‍ത്തിയതിനുശേഷം ഭദ്രമായി തിരിച്ചു നല്‍കും.രേഖകള്‍ അയച്ചു തരേണ്ട വിലാസം സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി,ചെമ്പൂക്കാവ്,തൃശ്ശൂര്‍ -20. ksnakademi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും രേഖകള്‍ അയച്ചു നല്‍കാവുന്നതാണ്.

Leave a Comment