497 കുട്ടികള്‍ക്ക് കരുതലായി ‘ടുഗെതര്‍ ഫോര്‍ തൃശൂര്‍’

Written by Taniniram1

Published on:

കോവിഡ് മൂലം മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെടുകയും കുടുംബത്തിന്റെ വരുമാനം നിലച്ചതുമായ ജില്ലയിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നടപ്പാക്കിയ വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ ‘ടുഗെതര്‍ ഫോര്‍ തൃശൂര്‍’ 497 കുട്ടികള്‍ക്ക് കരുതലാവുന്നു. കുടുംബത്തിന്റെ ഏക വരുമാന ദാതാവ് നഷ്ടപ്പെട്ടതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തി കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായം എത്തിച്ച് പഠനം തുടരുന്നതിനും ഭാവി സുരക്ഷിതമാക്കുകയുമാണ് 2023 മെയ് 20 ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏഴ് മാസത്തില്‍ കണ്ടെത്തിയ അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും സഹായം എത്തിക്കാനായി ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്ന കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് തുടര്‍പഠനത്തിന് സഹായം ഒരുക്കിയത്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്. എന്നാല്‍ നിലവില്‍ മറ്റു ജില്ലകളിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളതും പഠനമികവ് പുലര്‍ത്തുന്നതുമായ കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ജില്ലാ കലക്ടര്‍ മുന്‍പാകെ ലഭിക്കുന്ന അപേക്ഷകളില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന വിശദമായി അന്വേഷണം നടത്തി വിദ്യാര്‍ഥികളുടെ പഠന മികവും സാമ്പത്തികസ്ഥിതിയും പരിശോധിച്ച് പട്ടിക തയ്യാറാക്കുന്നു. തുടര്‍ന്ന് കലക്ടര്‍ കുട്ടികളെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരാഞ്ഞ് അര്‍ഹരാണെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് മുന്‍ഗണനക്രമത്തില്‍ സഹായം നല്‍കിയത്. ജോയ് ആലുക്കാസ്, കല്യാണ്‍ ജ്വല്ലേഴ്‌സ്, മണപ്പുറം ഫൗണ്ടേഷന്‍, സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍, ദി കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്‌സ് അസോസിയേഷന്‍, മുകുന്ദന്‍ നായര്‍ എരിഞ്ഞിപ്പുറത്ത് ഫാമിലി ട്രസ്റ്റ്, സക്കാത്ത് കമ്മിറ്റി, സി എ ചാപ്റ്റര്‍ സതേണ്‍ ഇന്ത്യ റീജിയണല്‍ കൗണ്‍സില്‍, ചിന്മയ ട്രസ്റ്റ്, ശക്തന്‍ തമ്പുരാന്‍ കോളജ്, നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ലക്ഷ്യ-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്, സി ആര്‍ പി എഫ്, ഐ.ഇ.എസ് പബ്ലിക് സ്‌കൂള്‍, ഡോണ്‍ ബോസ്‌കോ, അഹല്യ കോളജ്, നിര്‍മല കോളജ്, എല്‍ എഫ് കോളജ്, കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക്ക് സര്‍ജന്‍സ്, വിശ്വാസ് കമ്പ്യൂട്ടേഴ്‌സ്, ലത്തീഫ്, കല്യാണകൃഷ്ണന്‍, നാസറുദ്ധീന്‍, സമീര്‍, അജയകുമാര്‍, അബ്ദുല്‍ ഷുക്കൂര്‍, ശ്രീശങ്കര്‍ എന്നിങ്ങനെ സഹായമനസ്‌കരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് സഹായം നല്‍കി വരുന്നത്. കൂടാതെ കലക്ടര്‍ മുഖാന്തരം വിവിധ കോളജുകള്‍ കുട്ടികളുടെ ഫീസ് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കി നല്‍കിയിട്ടുമുണ്ട്. വിദ്യാര്‍ഥികള്‍ക്കു പുറമെ കോവിഡ് മൂലം ഭര്‍ത്താവ് നഷ്ടപ്പെട്ട നാല് സ്ത്രീകള്‍ക്കും സഹായഹസ്തങ്ങള്‍ ലഭിച്ചു. തൃശൂര്‍ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റ് മുഖേനയാണ് ഇത് സാധ്യമാക്കിയത്. ധനസഹായം ലഭിക്കുന്ന കുട്ടികള്‍, ഭാവിയില്‍ കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായകമാകണമെന്ന ഉറപ്പോടെയും ഓര്‍മ്മപ്പെടുത്തലോടെയുമാണ് ജില്ലാ കലക്ടര്‍ ഓരോ കുട്ടിക്കും സഹായം കൈമാറിയത്. നിരാലംബരായ അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും കരുതലാവാനും കഴിഞ്ഞിട്ടുണ്ട്.

Leave a Comment