പുസ്‌തക വിതരണം അടുത്ത മാസത്തോടെ

Written by Taniniram1

Published on:

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം 1 മുതൽ 10 വരെ ക്ലാസുകളിലേക്ക് ആദ്യ വോള്യമായി വേണ്ടത് 3.54 കോടി പാഠപുസ്തകങ്ങൾ. ഫെബ്രുവരി അവസാനത്തോടെ വിതരണം ആരംഭിക്കാൻ ലക്ഷ്യമിട്ട് എറണാകുളം കാക്കനാട് കെബിപിഎസ് പ്രസിൽ അച്ചടി ആരംഭിച്ചു.
അടുത്ത അധ്യയന വർഷം മാറ്റമില്ലാത്ത 2,4,6,8,10 ക്ലാസുകളിലെ പുസ്തക അച്ചടിയാണ് ആരംഭിച്ചത്. 30 ലക്ഷത്തിലേറെ പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. 1,3,5,7,9 ക്ലാസുകളിൽ അടുത്ത അധ്യയന വർഷം പുതിയ പാഠപുസ്തകങ്ങളാണ്. ഇവ തയാറായി. 16നു ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകരിച്ചാൽ വൈകാതെ അതും അച്ചടിക്കായി നൽകും.

പുതിയ പാഠപുസ്തകങ്ങളെല്ലാം രണ്ട് വോള്യമാണ്. ചില ക്ലാസുകളിലെ ചില വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ 3 വോള്യമായിരുന്നു. എല്ലാം രണ്ട് വോള്യമാകുന്നതോടെ ആകെ പാഠപുസ്തകങ്ങളുടെ എണ്ണം കുറയും. 2,4,6,8,10 ക്ലാസുകളിൽ 2024–25 അധ്യയന വർഷം മുതലാണ് പുതിയ പാഠപുസ്തകങ്ങൾ വരിക. ഇതും 2 വോള്യമായിരിക്കും.

Leave a Comment