തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രം കനകക്കുന്നില്‍ പ്രവര്‍ത്തന സജ്ജമാകും. പുതുവത്സര വേളയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്.കനകക്കുന്നില്‍ നൈറ്റ് ലൈഫ് പദ്ധതിയോടനുബന്ധിച്ച് നടക്കുന്ന നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി. ചെറിയ മിനുക്കുപണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.
നഗരത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാണ് മാനവീയം വീഥി. ഇതിന് പിന്നാലെയാണ് കനകക്കുന്നിലും പദ്ധതി നടപ്പിലാക്കുന്നത്. നൈറ്റ് ലൈഫ് പദ്ധതിക്ക് 2.63 കോടി രൂപയാണ് ചെലവഴിക്കുന്നത്.ടൂറിസം വകുപ്പും കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കലാപരിപാടികള്‍ക്കായി ഒന്നില്‍ കൂടുതല്‍ വേദികളാണ് കനകക്കുന്നില്‍ ഉണ്ടാവുക. മരങ്ങള്‍ക്ക് അടുത്ത് ഇരിപ്പിടങ്ങളും വൈദ്യുത ദീപാലങ്കാരവും പുല്‍ത്തകിടിയുമെല്ലാം സജ്ജീകരിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിനു സമീപം ഭക്ഷണ കിയോസ്‌കുകളും പ്രവര്‍ത്തിക്കും. കൂടാതെ, ആളുകളുടെ സുരക്ഷയ്ക്കായി സി.സി ടി.വി ക്യാമറകളും പരിസരത്ത് സജ്ജമാക്കും.