ഗാനഗന്ധ൪വ്വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരിൽ പുല൪ച്ചെ 3.15 ന് ഗണപതിഹോമവും രാവിലെ ഏഴിന് മു൯പായി നെയ്യഭിഷേകവും നടത്തി. 7.30 ന് ഉഷപൂജയ്ക്കൊപ്പം സഹസ്രനാമാ൪ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തി.
ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ നടത്തിയത്. എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതമായ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്നാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കിയത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടന്നത്. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം ഏ൪പ്പെടുത്തിയിട്ടുണ്ട്.
ശബരിമല അയ്യപ്പ സ്വാമിയെ ഉണർത്തുന്ന അയ്യപ്പസുപ്രഭാതവും ഉറക്കുന്ന ഹരിവരാസന സങ്കീ൪ത്തനവും ശബരിമലയിൽ പൊഴിയുന്നത് ഗാനഗന്ധർവ്വന്റെ സ്വരമാധുരിയിലാണ്. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപെടുത്തിയിട്ടുള്ള ഹരിവരാസന പുരസ്കാരത്തിന്റെ ആദ്യ സ്വീകർത്താവു കൂടിയാണ് ഡോ.കെ.ജെ.യേശുദാസ്.