മലയാളത്തിന്റെ പ്രിയ നടൻ മമ്മുട്ടിയെക്കുറിച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പാവപ്പെട്ട ഒരു കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യം പങ്കുവെയ്ക്കുകയാണ് കുറിപ്പിലൂടെ ജോസ് തെറ്റയില്‍. നിരാലംബയായ വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നില്‍ ചെയ്യാനുള്ള സഹായമൊരുക്കിയിട്ട് ഒറ്റ അക്ഷരം പുറത്ത് പറയാതിരുന്ന മമ്മൂട്ടിയെ കുറിച്ച് എല്ലാവരും അറിയണമെന്ന് തോന്നിയെന്നാണ് കുറിപ്പില്‍ അദ്ദേഹം പറയുന്നത്.
പത്ത് രൂപയുടെ സഹായം പത്തു പേര്‍ക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാര്‍ ഉള്ള നാടാണിതെന്നും, ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറംലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് താൻ നേരിട്ടറിഞ്ഞെന്നും ജോസ് തെറ്റയില്‍ കുറിച്ചു. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ഹൃദയ വാല്‍വ് ശസ്ത്രക്രിയാ പദ്ധതിയായ ‘ഹൃദ്യ’ത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച തിരുവനന്തപുരം സ്വദേശിനി ബിന്ദുവിന്റെ അനുഭവ കഥയാണ് ജോസ് തെറ്റയില്‍ വിവരിക്കുന്നത്.
കുറിപ്പ് ഇങ്ങനെയാണ്
ഞാൻ അറിഞ്ഞ മമ്മൂട്ടി
ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ട്…. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവര്‍!!!. പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാള്‍ വലിയ മനുഷ്യസ്നേഹി!
ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. “പത്ത് രൂപയുടെ സഹായം, പത്തു പേര്‍ക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാര്‍ ഉള്ള നാട്ടില്‍ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്.