വണ്ടിയോടിക്കാൻ കൈകൾ വേണ്ട; ചരിത്രം സൃഷ്ടിച്ച് ജിലുമോൾ

Written by Taniniram1

Published on:

ഇടുക്കി: സ്റ്റീയറിങ് പിടിക്കാൻ കൈ തന്നെ വേണമെന്നില്ല എന്ന് തെളിയിച്ചിരിക്കുന്നു ജിലുമോൾ.
രണ്ട് കൈയുമില്ലാതെ എങ്ങനെ സ്റ്റിയറിംഗ് പിടിക്കുമെന്ന ചോദ്യത്തിന് ജിലുമോൾ ഉത്തരം തരും. കാലുകൾ കൊണ്ട് സ്റ്റിയറിംഗ് പിടിച്ച് വണ്ടിയോടിക്കാൻ പഠിച്ച ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിരിക്കുന്നു. ആറ് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ജിലുമോളുടെ ചരിത്ര നേട്ടം. ഏഷ്യയിൽ തന്നെ ആദ്യമായിട്ടാണ് ഇരുകൈകളുമില്ലാത്ത ഒരാൾക്ക് ലൈസൻസ് ലഭിക്കുന്നത്.

തൊടുപുഴ സ്വദേശിയായ ജിലുമോൾ എറണാകുളത്തെ മരിയ ഡ്രൈവിംഗ് സ്കൂളിലെ ജോപ്പനിൽ നിന്നാണ് വണ്ടിയോടിക്കാൻ പഠിച്ചത്. ലൈസൻസിനായി തൊടുപുഴ ആർടിഒയെ സമീപിച്ചപ്പോൾ അപേക്ഷ സ്വീകരിച്ചില്ല. പിന്നീട് ഹൈക്കോടതിയുടെ ഇടപെടൽ മൂലം ആർടിഒ അപേക്ഷ സ്വീകരിച്ചു. കാറിൽ രൂപമാറ്റം വരുത്തിയ ശേഷം വരാൻ മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു. പിന്നെയും നടപടി വൈകിയപ്പോൾ സംസ്ഥാന ഭിന്നശേഷി കമ്മിഷനെ സമീപിച്ചു. കമ്മിഷന്റെ ഇടപെടലാണ് നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ജിലുമോൾക്ക് ലൈസൻസ് ലഭ്യമാകാൻ കാരണം.

മാരുതി കാറിൽ രൂപമാറ്റം വരുത്തി കാലു കൊണ്ട് ഡ്രൈവ് ചെയ്യാനും വോയിസ് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാനും പറ്റുന്ന തരത്തിലാക്കി. കളമശ്ശേരി മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന വി.ഐ ഇന്നൊവേഷൻസ് ലിമിറ്റഡാണ് കാർ പരിഷ്കരിച്ചത്. പാലക്കാട് നവകേരള സദസിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ലൈസൻസ് നൽകിയത്. കാലു കൊണ്ടാണ് ജിലുമോൾ ലൈസൻസ് സ്വീകരിച്ചതും.

Related News

Related News

Leave a Comment