തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങും. ഇന്ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ സിനിമകള്‍ക്കുള്ള അവാര്‍ഡുകളും നെറ്റ് പാക്, ഫിപ്രസ്‌കി, കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും സമ്മാനിക്കും.
ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും . ക്യൂബയില്‍നിന്നുള്ള പ്രതിനിധിസംഘത്തിലുള്‍പ്പെട്ട സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവരെ ആദരിക്കും.
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ ആര്യാ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, പോര്‍ച്ചുഗീസ് സംവിധായികയും ജൂറി ചെയര്‍പേഴ്‌സണുമായ റീത്ത അസവെദോ ഗോമസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, ക്യൂറേറ്റർ ഗോൾഡാ സെല്ലം , കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സമാപനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണിക്ക് കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘വിന്‍ഡ് ഓഫ് റിഥം’ എന്ന സംഗീതപരിപാടി അരങ്ങേറും.
മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി പതിനൊന്നു പുരസ്‌ക്കാരങ്ങൾ നൽകും.
മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം ,മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക് , കെ ആർ മോഹനൻ എൻഡോവ്മെന്റ് , ലൈഫ് ടൈം അച്ചീവ്മെന്റ് , സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്‌കാരങ്ങളാണ് നൽകുക .
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയും രജതചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്കാരങ്ങൾക്കൊപ്പം നൽകുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ ആർ മോഹനൻ പുരസ്‌കാരത്തിന് നൽകുന്നത്.
സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്കാരങ്ങളും അക്കാദമി ഏർപ്പെടുത്തിയിട്ടുണ്ട് .അഞ്ചു ലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്മെന്റിന്റെ സമ്മാനത്തുക.