തൃശൂർ: താനെടുത്ത തീരുമാനം ശരിയാണെന്നും അതിൽ അഭിമാനവും സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ പത്മജ വേണുഗോപാൽ. ഒരു വ്യക്തിയെടുത്ത തീരുമാനം ശരിയെന്ന് ആ വ്യക്തിക്ക് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല, ആ വ്യക്തിയെടുത്ത തീരുമാനം ശരി തന്നെയാണെന്ന് പത്മജ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ലീഡർ കെ കരുണാകരൻ്റെ മകൾ ബിജെപിയിൽ ചേർന്നതിനെതിരെ പാർട്ടിക്കകത്ത് നിന്ന് പുറത്തുനിന്നും രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് പത്മജ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായെത്തിയത്. ഒരു വ്യക്തിയെടുത്ത തീരുമാനത്തിൽ ആ വ്യക്തിക്ക് മനസ്സമാധാനം, സന്തോഷം, സംതൃപ്തി ലഭിക്കുന്നുവെങ്കിൽ ആ തീരുമാനം ശരി തന്നെയാണ്. ഒരു വ്യക്തിയെടുത്ത തീരുമാനത്തിൽ ആ വ്യക്തിക്ക് അഭിമാനം തോന്നുന്നു എങ്കിൽ ആ തീരുമാനം ശരി തന്നെയാണെന്നും പത്മജ പറയുന്നു. എടുത്ത തീരുമാനത്തെ തുടർന്ന് ആ വ്യക്തിയുടെ വ്യക്തിത്വത്തിന് സമൂഹത്തിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നു എങ്കിൽ ആ തീരുമാനം ശരി തന്നെയാണ്. നിങ്ങൾക്ക് കഴിവില്ല, പിന്നെ വളരെ ബുദ്ധിമുട്ടി നിങ്ങളെ ഉൾക്കൊണ്ടു എന്ന് മാത്രം കണ്ടിരുന്നവരുടെ കൂട്ടത്തിൽ നിന്ന് പുറത്തുവന്നപ്പോൾ ആ വ്യക്തിയെ കഴിവുള്ള ആളായി സമൂഹം കാണുന്നുവെങ്കിൽ ആ വ്യക്തിയെടുത്ത തീരുമാനം ശരി തന്നെയാണ്. എനിക്ക് സ്വന്തമായി വ്യക്തിത്വം ഇല്ല എന്ന് പറഞ്ഞ്, എന്നെ ചില ഔദാര്യത്തിൽ മാത്രം ഉൾക്കൊണ്ടിരുന്നവരുടെ കൂട്ടത്തിൽ നിന്നും സ്വതന്ത്ര ആയി എന്റെ വ്യക്തിത്വത്തിൽ ഞാൻ ഇന്ന് അഭിമാനത്തോടെ പ്രവർത്തിക്കുന്നു. എന്റെ മനസ്സിന്റെസംതൃപ്‌തിയാണ് എനിക്ക് വലുത്. ഞാൻ എടുത്ത തീരുമാനം ശരി തന്നെ. എനിക്കതി അഭിമാനം, സന്തോഷം, സംതൃപ്തി തന്നെയെന്നും പത്മജ വേണുഗോപാൽ പറയുന്നു.