കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഹൈഡ്രോളിക് സ്റ്റീൽ ഷട്ടർ സ്ഥാപിക്കണമെന്ന് കിസാൻ സഭ വിൽവട്ടം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിൽവട്ടം, നെട്ടിശ്ശേരി, വിയ്യൂർ എന്നിവിടങ്ങളിൽ നെൽകൃഷിക്കുള്ള വെള്ളം താണിക്കുടം പുഴ വഴിയാണ് പീച്ചിയിൽ നിന്നും നൽകുന്നത്. ഇതിനായി ഒമ്പതോളം ചിറകളുണ്ട്. ഇതിലെ പ്രധാന ചിറകളിൽ വെള്ളം നിലനിർത്തുന്നതിന് ഇപ്പോൾ ഉപയോഗിക്കുന്നത് പലക ചിപ്പുകൾ ആണ്. ഇത് മാറ്റി ഹൈഡ്രോളിക് സ്റ്റീൽ ഷട്ടർ സ്ഥാപിക്കണമെന്നാണ് കിസാൻ സഭ ആവശ്യപ്പെടുന്നത്. വെള്ളം സ്വാഭാവികമായി ഒഴുകാത്ത സമയത്ത് വെള്ളം ലഭിക്കുന്നതിനായി പമ്പ് സെറ്റും സ്ഥാപിക്കണം.
തൃശ്ശൂർ കോൾ മേഖലയിൽ കൃഷി ഇറക്കാനുള്ള സമയമായിട്ടും വെള്ളം ഒഴിഞ്ഞു പോകാതെ പുത്തൻ ചാലിൽ ചണ്ടിയും കുളവാഴയും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നത് കൊണ്ട് കോൾ പടവുകളിൽ നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാൻ കഴിയുന്നില്ല. ഇറിഗേഷൻ വകുപ്പ് അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.