നവകേരള സദസ്സ്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

Written by Taniniram1

Published on:

തിരുവനന്തപുരം : വിതുരയിൽ നവകേരള സദസ്സിന്റെ പ്രചരണത്തിന് ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തികൊണ്ടുള്ള പഞ്ചായത്ത് ഉത്തരവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിവരാവകാശ പ്രവർത്തകൻ ആക്കുളം തൂറുവിക്കൽ സ്വദേശി എ. സത്യൻ നൽകിയ പരാതിയിലാണ് നടപടി.ആരോഗ്യ പ്രവർത്തകരെ മറ്റ് സർക്കാർ വകുപ്പുകളുടെ ഫീൽഡ് പ്രവർത്തനങ്ങളിൽ നിയോഗിക്കാൻ പാടില്ലായെന്ന 2018 ലെ സർക്കാരിൻ്റേയും മനുഷ്യാവകാശ കമ്മീഷൻ്റേയും ഉത്തരവ് ലംഘനമാണ് നവകേരള സദസ്സ് പ്രവർത്തനവുമായി ബന്ധപ്പെട്ട് വിതുര പഞ്ചായത്തിന്റെ ഉത്തരവെന്ന് ആരോപിച്ചായിരുന്നു പരാതി. തലസ്ഥാനത്ത് പകർച്ച പനിക്കൊപ്പം കൊവിഡ് വ്യാപനം രൂക്ഷമാണെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവും പഞ്ചായത്തധികൃതർ അവഗണിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടിനാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയത്. കൊവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാ താലൂക്ക് ആശുപത്രികൾ വേണ്ട സൗകര്യമൊരുക്കി രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന നിർദ്ദേശമാണ് മെഡിക്കൽ ഓഫീസർ ഉത്തരവിലൂടെ നൽകിയത്.

ഇതേ സാഹചര്യത്തിൽ വിതുര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ നവകേരള സദസ്സിന്റെ പ്രചരണത്തിന് നിയോഗിച്ചതിലൂടെ വനമേഖലയിലെ വിവിധ സെറ്റിൽമെൻ്റുകളിൽ ആദിവാസികൾക്ക് ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് തടസ്സമുണ്ടാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

തുടർന്ന് ഉത്തരവുകളിലെ വസ്തുത പരിശോധിച്ച് കമ്മീഷൻ ചെയർപേഴ്സൺ കെ ബൈജു നാഥ് അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസ് , കൃഷി വകുപ്പ്, അംഗനവാടി ജീവനക്കാർക്കൊപ്പം ഏഴ് ആരോഗ്യ പ്രവർത്തകരെ നവകേരള സദസ്സിന്റെ പ്രചരണത്തിന് ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാസം 28 നാണ് വിതുര പഞ്ചായത്ത് ഉത്തരവിറക്കിയത്. തുടർന്ന് വിവരാവകാശ പ്രവർത്തകൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല ജില്ലാ കളക്ടർ നടപടിയെടുക്കാൻ എഡിഎമ്മിന് നിദ്ദേശം നൽകിയെങ്കിലും എഡിഎം ഒഴിഞ്ഞു മാറുകയാണുണ്ടായത്.

Related News

Related News

Leave a Comment