എസ്.ബി. മധു
തിരുവനന്തപുരം: ഇന്നത്തെ അയോധ്യ (Ayodhya)പരിണാമപ്പെട്ട ചരിത്രം ഇഴകീറി പരിശോധിച്ചാൽ രണ്ട് മലയാളികളുടെ പങ്ക് വ്യക്തമാണ്. രാമജന്മഭൂമിയെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങൾ ആയിരക്കണക്കിന് പേജുകളും പതിനായിരക്കണക്കിന് വിഷ്വൽസും നൽകിയിട്ടുണ്ട് . പ്രസ്താവനാ യുദ്ധങ്ങളും ഭാവനകളും കൊണ്ട് പേജുകൾ നിറച്ച് ജനങ്ങളെ ഭീതിയിലും ആശങ്കയിലുമാഴ്ത്തിയതല്ലാതെ വ്യക്തതയുള്ള, ഒരു വരി പോലും ഒരു മാധ്യമങ്ങളിലും കണ്ടില്ല. എന്നാൽ ഇന്ത്യൻ എക്സ്പ്രെസ്സില്‍ (Indian Express )1990 ഡിസംബർ 15ന് പ്രത്യക്ഷപ്പെട്ട ഒരു വാർത്ത അയോദ്ധ്യയെ അനുകൂലിച്ചവരെയും പ്രതികൂലിച്ചവരെയും ഒരു പോലെ ‘ഞെട്ടിച്ചു’. ഇന്ത്യയുടെ ഭാവി നിശ്ചയിച്ച അയോധ്യ കോടതി വിധിയുടെ അടിസ്ഥാനം പോലും ഒരു പക്ഷെ ഇന്ത്യൻ എക്സ്പ്രെസ്സിലെ (Indian Express) ഈ തലക്കെട്ടായിരുന്നു എന്ന് അധികം പേരും ചിന്തിക്കില്ല.
ഇന്ത്യൻ എക്സ്പ്രെസ്സ് ദിനപത്രത്തിൽ ധാരാളം വായനക്കാരുള്ള ഒരു കോളമാണ് ” ലറ്റർ ടു ദ എഡിറ്റർ”(Letter To The Editor). ഈ കോളത്തിൽ വന്ന ഒരു പ്രസ്താവന പിന്നിട് ഇന്ത്യൻ രാഷ്ട്രീയത്തെയും ചരിത്ര ലോകത്തെയും ഇളക്കി മറിച്ചു. മലയാളിയും പുരാവസ്തു ശാസ്ത്രജ്ഞനുമായ കെ. കെ. മുഹമ്മദിന്റേത് (K.K.Muhammed)ആയിരുന്നു ആ പ്രസ്താവന .
രാമക്ഷേത്രത്തിനു പിന്നിലെ യാഥാർഥ്യം ഇസ്ലാം വിശ്വാസിയായ കെ കെ മുഹമ്മദ് പറയുമ്പോൾ…
അയോധ്യാ പ്രശ്‌നത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും തര്‍ക്ക വിതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് രണ്ടു ചേരികളിലായിരുന്നപ്പോഴായിരുന്നു ബാബറി മസ്ജിദിന് കീഴിലെ ക്ഷേത്രഭാഗം താൻ കണ്ടിട്ടുണ്ടെന്ന പ്രസ്താവനയുമായി കെ കെ മുഹമ്മദ് രംഗത്ത് വന്നത് . കൃത്യമായിപ്പറഞ്ഞാല്‍ 1990 ഡിസംബര്‍ 15.
അന്ന് കെ കെ മുഹമ്മദ് ചെന്നൈയിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍(Archaeological Survey Of India) ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഈ സമയം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ അയോധ്യാവിഷയം പരാമര്‍ശിച്ച്, ഐരാവതം മഹാദേവന്‍ ഐ.എ.എസ്സിന്റെ ഒരു കുറിപ്പു വന്നു . സിന്ധുനാഗരികലിപിയെക്കുറിച്ചു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള ആളാണ് മഹാദേവൻ . കേന്ദ്രഗവണ്‍മെന്റില്‍ സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച മഹാദേവന്‍ പിന്നീട് ദിനമണി പത്രത്തിന്റെ പത്രാധിപരായി.
ബാബറി മസ്ജിദിനിടയില്‍(Babri Masjid) ക്ഷേത്രാംശങ്ങളുണ്ടെന്നും, ഇല്ലെന്നും രണ്ടഭിപ്രായം ചരിത്രകാരന്മാര്‍ക്കിടയില്‍ ഉണ്ടെങ്കില്‍ വീണ്ടുമൊരു ഖനനം നടത്തി പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ എന്ന് മഹാദേവൻ ദിനമണിയിൽ എഴുതുകയുണ്ടായി. നിഷ്പക്ഷമായ മഹാദേവന്റെ അഭിപ്രായത്തോട് കെ കെ മുഹമ്മദിനു വളരെ ബഹുമാനം തോന്നി. അതിനാല്‍തന്നെ മഹാദേവനെ അഭിനന്ദിച്ച് വ്യക്തിപരമായി ഒരു കത്ത് കെ കെ മുഹമ്മദ് എഴുതി . കത്തിലെ ഉള്ളടക്കത്തിൽ 1976-77 ല്‍ നടന്ന പര്യവേക്ഷണത്തില്‍ താൻ പങ്കാളിയായിരുന്നു എന്ന കാര്യവും സൂചിപ്പിച്ചു. ‘ഒരു ചരിത്രപരമായ തെറ്റ് തിരുത്താന്‍ ചരിത്രസ്മാരകം തന്നെ പൊളിക്കണമെന്ന നിലപാട് തെറ്റാണ് എന്ന മഹാദേവന്റെ അഭിപ്രായത്തെ അഭിനന്ദിക്കാനും കെ കെ മുഹമ്മദ് മറന്നില്ല .
കെ കെ മുഹമ്മദിന്റെ കത്തു കിട്ടിയ അന്നുതന്നെ തമിഴ്‌നാട് സെക്രട്ടറിയേറ്റിനുള്ളിലുള്ള ക്ലൈവ് ബില്‍ഡിങ്ങിലെ കെ കെ മുഹമ്മദിന്റെ മുറിയിലേക്കു മഹാദേവൻ ചെന്നു. കത്ത് പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി. സര്‍ക്കാറുദ്യോഗസ്ഥനായതിനാല്‍ ഇത്തരം വളരെ സങ്കീർണമായ വിഷയത്തെക്കുറിച്ച് സര്‍ക്കാറിന്റെ അനുമതി വാങ്ങാതെ എന്തെങ്കിലും പ്രസ്താവന ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും. മാത്രമല്ല ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി കിട്ടുകയില്ലെന്നുറപ്പാണ്. പക്ഷേ, സത്യം മൂടിവെക്കാനും പറ്റില്ല. ഉചിതമായ തീരുമാനമെടുക്കണമെന്നു മഹാദേവൻ അഭ്യർത്ഥിച്ചു . കെ കെ മുഹമ്മദും സൂപ്രണ്ട് ആര്‍ക്കിയോളജിസ്റ്റ് ഡോ. ബി നരസിംഹയ്യയും മഹാദേവനും കൂടിയാലോചനയ്ക്കു ശേഷം അവർ ഒരു തീരുമാനത്തിൽ എത്തി.
ഇത്രയും പ്രധാനമായ ഒരു സത്യം ഒളിച്ചുവെക്കാന്‍ പാടില്ല. അയോധ്യയില്‍ പ്രൊഫ. ലാലിന്റെ കീഴില്‍ ക്ഷേത്രത്തൂണുകളുടെ കീഴിലെ ഇഷ്ടിക പ്ലാറ്റുഫോം കണ്ടുപിടിക്കുമ്പോള്‍ അതിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. നരസിംഹയ്യയായിരുന്നു. പക്ഷേ, തീവ്ര ഹിന്ദുപക്ഷത്തിന്റെ കൈയില്‍ കരുക്കളാകാനും പാടില്ല. എല്ലാ വര്‍ഗീയതയോടും തുല്യദൂരം നിലനിര്‍ത്തണം. ഇതായിരുന്നു അവരുടെ തീരുമാനം . അങ്ങനെയാണ് ഇന്ത്യയെ ഞെട്ടിച്ച കെ കെ മുഹമ്മദിന്റെ പ്രസ്താവന വരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘ലറ്റര്‍ ടു ദ എഡിറ്റര്‍’ കോളത്തില്‍ അതിന്റെ എല്ലാ എഡിഷനിലും വാർത്ത പരന്നു . വിവിധ ഭാഷകളിൽ പരിഭാഷയും വന്നു. പിന്നീട് മറ്റു വിവിധ ഭാഷകളിലുള്ള പത്രങ്ങളും ഈ വാർത്ത ഏറ്റെടുത്തു.. അതോടെ കെ കെ മുഹമ്മദിനു നേരെ നിരവധി ഭീഷണികൾ ഉണ്ടായി .മറ്റു ചിലര്‍ അഭിനന്ദിച്ചു. ചിലര്‍ നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നേരത്തേ തീരുമാനിച്ചതുപോലെ എല്ലാവരില്‍ നിന്നും അദ്ദേഹം അകന്നുനിന്നു. പ്രസ്താവന വന്ന് ഏതാനും ദിവസത്തിനകം കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോ. സെക്രട്ടറി ആര്‍. സി ത്രിപാഠിയും ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഡയറക്ടര്‍ ജനറല്‍ എം.സി ജോഷിയും യുനെസ്‌കോയുടെ സില്‍ക്ക് റൂട്ട് സെമിനാറിനുവേണ്ടി ചെന്നൈയിലെത്തി.
സെമിനാറിന്റെ ചുമതലയുള്ള ഡോ. നരസിംഹയ്യയ്ക്ക് കംബോഡിയയിലേക്ക് ഒരു ടീമിനെ നയിക്കേണ്ടതിനാല്‍ ഈ ഇന്റര്‍നാഷണല്‍ സെമിനാറിന്റെയും വിവിധ രാഷ്ട്രങ്ങളില്‍നിന്ന് പ്രത്യേക കപ്പലില്‍ പഴയ സില്‍ക്ക് റൂട്ടിന്റെ വഴിയില്‍ വന്ന പ്രതിനിധികളുടെയും ചുമതല കെ കെ മുഹമ്മദിനും , കെ.ടി നരസിംഹനെന്ന മറ്റൊരുദ്യോഗസ്ഥനും ഏറ്റെടുക്കേണ്ടി വന്നു. എല്ലാം ഭംഗിയായി നിര്‍വഹിച്ചതിന് രണ്ടുപേരും അദ്ദേഹത്തെ അഭിനന്ദിച്ചു.
എല്ലാം കഴിഞ്ഞതിനു ശേഷം എം.സി. ജോഷി മുഹമ്മദിനോട് പറഞ്ഞു, 'ഞങ്ങള്‍ രണ്ടുപേരും നിന്നോട് നിന്റെ പത്രപ്രസ്താവനെക്കുറിച്ചാണ് ഇനി ചോദിക്കാന്‍ പോകുന്നത്. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്രയും മര്‍മപ്രധാനമായ ഒരു പ്രശ്‌നത്തെക്കുറിച്ച് നീയെങ്ങനെ പരസ്യപ്രസ്താവന നടത്തി? നിന്നെ ഈ നിമിഷം ഇവിടെവെച്ചു ഞങ്ങള്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യും.'
ഞാന്‍ പറഞ്ഞു, 'സര്‍, ഇതിനുവേണ്ടി അനുമതി ചോദിച്ചാല്‍ കിട്ടില്ലാ എന്നെനിക്കറിയാം. ഞാന്‍ ലോകനന്മയ്ക്കുവേണ്ടി ഒരു സത്യം പറഞ്ഞതാണ്'. കൂടെ ഒരു സംസ്‌കൃതശ്ലോകവും ചൊല്ലി, 'ലോകസംഗ്രമേ വാപി ശംബസ്യന്‍ കര്‍ത്തുമര്‍ഹസി.' 'അലഹബാദിലെ ബ്രാഹ്മണനായ എന്നെ നീ സംസ്‌കൃതം പഠിപ്പിക്കുകയാണോ?' വീണ്ടും ദേഷ്യപ്പെട്ടു കൊണ്ട് ത്രിപാഠി പറഞ്ഞു,
'നിന്നെ ഞാന്‍ ഈ നിമിഷം സസ്‌പെന്‍ഡ് ചെയ്യും.'
ഞാന്‍ ശാന്തനായി പറഞ്ഞു,
'സ്വധര്‍മേ നിധനം ശ്രേയ.'
സ്വധര്‍മനിര്‍വഹണത്തില്‍ മരണവും സ്വാഗതാര്‍ഹം.
ഇതോടെ ത്രിപാഠിയില്‍ പ്രകടമായ മാറ്റമുണ്ടായി.
'മി. മുഹമ്മദ്, നിന്റെ ഉറച്ച നിലപാടില്‍ അഭിനന്ദിക്കുന്നു. ഇതൊരു ആര്‍ക്കിയോളജിസ്റ്റ് പറയേണ്ടതാണ്. നീയൊരു ആര്‍ക്കിയോളജിസ്റ്റ് ആണ്. പക്ഷേ, നിന്റെ പേരില്‍ ആക്ഷന്‍ എടുക്കാന്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് കനത്ത സമ്മര്‍ദമുണ്ട്.'
'എനിക്കറിയാം സാര്‍,' ഞാന്‍ പറഞ്ഞു, 'എല്ലാം ആലോചിച്ചതിനു ശേഷമാണ് പ്രസ്താവന നല്കിയത്.'
'നീ നിന്റെ പേരും അഡ്രസ്സും തസ്തികയും എന്തിന് പത്രത്തില്‍ കൊടുത്തു?' എം.സി. ജോഷി ദേഷ്യത്തോടെ ചോദിച്ചു.
'പൂര്‍ണ അഡ്രസ്സില്ലെങ്കില്‍ ഏതെങ്കിലും ഒരു മുഹമ്മദാവും എന്ന സംശയത്തിനിടകൊടുക്കാതിരിക്കാനാണ് പൂര്‍ണ അഡ്രസ്സ് കൊടുത്തത്,' ഞാന്‍ പറഞ്ഞു. രണ്ടു പേരും പരസ്പരം നോക്കി.
വാര്‍ത്തയറിഞ്ഞ മഹാദേവന്‍ പിറ്റേ ദിവസം രണ്ടു പേരെയും കണ്ടു. സസ്‌പെന്‍ഷന്‍, ട്രാന്‍സ്ഫര്‍ ആക്കി മാറ്റി. ചെന്നൈയിൽ നിന്ന് ഗോവയിലേക്ക്.
അയോധ്യക്ക് പിന്നിലെ മലയാളികളായ രണ്ട് ” കെ.കെ” മാർ ആര്?
1949 ൽ അയോധ്യ(Ayodhya) ഉൾപ്പെടുന്ന ഫൈസാബാദ് ജില്ലാ കളക്ടർ ആലപ്പുഴക്കാരനായ കെ.കെ.നായർ(K.K.Nair) ICS ആയിരുന്നു. അക്കാലത്ത് അയോധ്യയിൽ പൂജ നടത്താനുള്ള അവകാശവാദം ഉന്നയിച്ച് വൻ പ്രക്ഷോഭം നടന്നിരുന്നു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ കെ.കെ.നായർ സ്ഥിതിഗതികൾ സർക്കാരിനെ അറിയിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിൻ്റെ അറിവോടെ തർക്ക സ്ഥലം തുറന്ന് പൂജയ്ക്ക് അനുവാദം കൊടുത്തു. സംഭവം പ്രധാനമന്ത്രിയായ നെഹ്റുവിൻ്റെ ചെവിയിലെത്തി. ഉത്തരവ് പിൻവലിക്കുക മാത്രമല്ല രാമവിഗ്രഹം അവിടെ നിന്ന് മാറ്റണമെന്നും പ്രധാനമന്ത്രി നെഹ്റു തന്നെ നേരിട്ട് നായരോട് ആവശ്യപ്പെട്ടു. എന്നാൽ കെ.കെ നായർ തൻ്റെ നിലപാടിൽ ഉറച്ചു നിന്നു. ഒടുവിൽ സർക്കാർ നായരെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ഏറെക്കാലം പുറത്തു നിന്ന അദ്ദേഹം പിന്നെ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ഒടുവിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എം.പിയായി.
രണ്ടാമത്തെ കെ.കെ ആരെന്ന് ചോദിച്ചാൽ, കറകളഞ്ഞ ഇസ്ലാം വിശ്വാസിയായ കെ.കെ.മുഹമ്മദ്. രണ്ട് കെ.കെമാർ രണ്ടും വ്യത്യസ്ത മത വിശ്വാസികൾ . നായർ ആലപ്പുഴക്കാരനെങ്കിൽ, കെ.കെ.മുഹമ്മദ് കൊടുവള്ളിക്കാരൻ. അന്താരാഷ്ട്രാ പുരാവസ്തു ശാസ്ത്രജ്ഞനായ കെ.കെ.മുഹമ്മദ് അയോധ്യയിൽ നടത്തിയ ഉദ്ഘനനമാണ് നിർണ്ണായക കോടതി വിധിയ്ക്ക് ആധാരം. കെ.കെ.മുഹമ്മദിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന അയോധ്യാ ഗവേഷക സംഘത്തിലെ 131 പേരിൽ 52 പേർ ഇസ്ലാം മതവിശ്വാസികളായിരുന്നുവെന്ന സത്യവും പലരും മൂടിവെച്ചു.