വായ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി ഹീര ബാബു അറസ്റ്റിൽ. 14 കോടിയുടെ വായ്പാ തട്ടിപ്പിന്റെ പേരിലാണ് അറസ്റ്റ്. എസ്ബിഐ നല്‍കിയ പരാതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എസ്ബിഐയുടെ പരാതിയിലാണ് ഇഡി നടപടിയെങ്കിലും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ഹീര ബാബുവില്‍ ഒതുങ്ങി നില്‍ക്കില്ലെന്നാണ് സൂചന. പോലീസും സിബിഐയും ഇതേ കേസ് അന്വേഷിച്ചിരുന്നു.
ഫ്ലാറ്റ് നിര്‍മാണത്തിനായി വായ്പ എടുത്തതിന് ശേഷം ബാങ്കിനെ വഞ്ചിച്ചുവെന്ന കേസിലാണ് ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്കുളത്തെ ഫ്ലാറ്റ് നിർമാണത്തിനാണ് വായ്പ എടുത്തത്. എന്നാൽ, ഫ്ലാറ്റുകൾ വിൽപന നടത്തിയെങ്കിലും വായ്പ തിരിച്ചടച്ചിരുന്നില്ല. നേരത്തെ ഹീര ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.