അസഹനീയമായ വേനൽച്ചൂടിനെ തുടർന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത് ആയിരത്തോളം പേരെന്ന് റിപ്പോർട്ട്. കേരളത്തെ ഉഷ്ണതരംഗബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമായ ഏപ്രില്‍ 25 വരെ ഇത്തരത്തില്‍ 850 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കൊടും ചൂട് തുടര്‍ച്ചയായി രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയിട്ടുള്ളത്. ജില്ലയില്‍ 256 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എറണാകുളത്ത് 151, കോട്ടയം 139, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 76 പേരും ചികിത്സതേടി.
ചികിത്സ തേടിയവരില്‍ 370 പേരും 21 വയസിനും 50 നും ഇടയിലുള്ളവരാണ്. 51-70 വയസിനിടയില്‍ പെട്ട 289 പേരെ കൊടും ചൂട് സാരമായി ബാധിച്ചപ്പോള്‍ ആശുപത്രികളിലെത്തിയ 40 പേര്‍ എഴുപത് വയസിന് മുകളിലുള്ളവരാണ്. പത്തുവയസില്‍ താഴെയുള്ള 16 പേരും ചൂടിന്റെ അസ്വസ്ഥതകളാല്‍ സംസ്ഥാനത്ത് വൈദ്യ സഹായം തേടിയിട്ടുണ്ട്.
സൂര്യാഘാതത്തെ തുടര്‍ന്ന് നാല് മരണങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം രണ്ട് മരണങ്ങള്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.