ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നോക്കുകുത്തിയാക്കി…

Written by Taniniram Desk

Published on:

എസ്.ബി.മധു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് സെക്രട്ടറി (Secretary)യുടെ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും യാതൊരുവിധ വിലയും കൽപ്പിക്കാതെ ഒരു കൂട്ടം ജീവനക്കാർ ആരോഗ്യവകുപ്പിന് കീഴിൽ. തിരുവനന്തപുരം തൈക്കാട് ആശുപത്രി(Thycaud Hospital)യോട് ചേർന്നുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ‘നാഥനില്ലാ കളരി’യായി മാറിയത്. മന്ത്രി ഓഫീസുമായി നേരിട്ട് ബന്ധമുള്ള ചില കീഴ്ജീ‌വനക്കാരുടെ കയ്യിലാണ് ഓഫീസ് ഭരണം. ഉദാഹരണത്തിന്, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 വാഹനങ്ങളാണ് ഉള്ളത്. അതിൽ രണ്ട് ചെറു വാഹനങ്ങളും, മറ്റൊന്ന് ട്രെയിനികൾക്ക് യാത്ര ചെയ്യാനുള്ള മിനി ബസ്സുമാണ്. കേന്ദ്രസർക്കാരിന്റെ പുതിയ ഗതാഗത നിയമം അനുസരിച്ച് 15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങളെ കുറിച്ച് കൃത്യമായ മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഓടി തേഞ്ഞ് ആരോഗ്യം നഷ്ടപ്പെട്ട ഈ വാഹനങ്ങൾ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഗ്യാരേജിൽ ഉണ്ട്. രണ്ട് ചെറിയ വാഹനങ്ങളിൽ ഒന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലിനെ വീട്ടിൽ നിന്നും കൊണ്ടുവരാനും തിരികെ കൊണ്ടുവിടാനും മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് നിത്യ വിശ്രമത്തിലാണ്. മിനി ബസ്സാകട്ടെ ട്രെയിനിംഗ് ഉള്ള ദിവസങ്ങളിൽ മാത്രമേ റോഡ് കാണാറുള്ളൂ. മിനി ബസ്സിന് അറ്റകുറ്റപ്പണികൾ ഉണ്ടാകുന്ന അവസരങ്ങളിൽ പുറത്ത് നിന്ന് വാടകയ്ക്ക് മിനി ബസ് വിളിക്കാറാണ് പതിവ്. അറ്റകുറ്റപ്പണികൾക്കായി ഈ വാഹനങ്ങൾ വരുത്തിവയ്ക്കുന്ന ചിലവ് ചിലറയല്ല. ഇതിനു പുറമേയാണ് പുറത്ത് നിന്നും വാടകയ്ക്ക് എടുക്കുന്ന ചിലവ്.

ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു ഡ്രൈവർമാരാണ് ഇപ്പോൾ വരുന്നത്. ഇതിൽ ഒരാൾ പത്തു വർഷ0 തുടർച്ചയായി ഇവിടെ ജോലി ചെയ്യുമ്പോൾ മറ്റു രണ്ടു പേർ മൂന്നുവർഷം മുമ്പ് എത്തിയവരാണ്. പ്രിൻസിപ്പലിനെ വിളിച്ചു കൊണ്ട് വരലും കൊണ്ടാക്കലും കഴിഞ്ഞ് മൂന്ന് പേർക്കും മറ്റു പണിയൊന്നുമില്ല. ട്രെയിനികൾ ഉള്ള ദിവസം മാത്രമാണ് മിനി ബസ്സിലെ ഡ്രൈവറിന് ജോലിയുള്ളത്. മറ്റ് സമയങ്ങളിൽ ഈ മൂന്ന് ഡ്രൈവർമാർക്കും കാര്യമായ മറ്റൊരു പണിയും ഉണ്ടാവില്ല എന്നാണ് വിവരം.

ഇതേ കോമ്പൗണ്ടിൽ തന്നെയുള്ള തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എ.എ.റഹീം എംപി (A.A.Rahim M.P.)യുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ അത്യാധുനിക ആംബുലൻസ് അപൂർവമായി മാത്രമേ നിരത്തിലിറങ്ങാറുള്ളൂ. ഇവിടെ ചികിത്സയിലുള്ളവരെ അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും മറ്റും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആംബുലൻസ് വാങ്ങിയത്. എന്നാൽ മിക്കവാറും രോഗികൾക്ക് ഇത് ഉപകാരപ്പെടാറില്ല. പകരം സ്വകാര്യ ആംബുലൻസിനെയാണ് അഭയം പ്രാപിക്കുന്നത്. ഇതിന് അധികൃതരുടെ മറുപടി ‘ഡ്രൈവറില്ല’ എന്ന ഒറ്റ കാരണമാണ്. തൊട്ടടുത്ത ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് ഡ്രൈവർമാർ ഒരു ജോലിയും ചെയ്യാതെ വിശ്രമിക്കുമ്പോഴാണ് രോഗികളുടെ ഈ ഗതികേട്.

പരാതി പ്രവാഹവും പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടിയന്തര മീറ്റിങ്ങും തീരുമാനങ്ങളും.

നിരവധി പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. ഡി എച്ച് എസ്സിന്റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ ഈ മൂന്നു പേരെ ഡ്രൈവർമാർ ആവശ്യത്തിനില്ലാത്ത സമീപ ആശുപത്രിയിലേക്ക് മാറ്റി നിയമിക്കാൻ നിർദ്ദേശിച്ചു. മാത്രമല്ല കാലപഴക്കം ചെന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും മറ്റു ചിലവുകൾക്കുമായി ഭീമമായ തുക വേണ്ടി വരുന്നതിനാൽ അമിത ഭാരം ഒഴിവാക്കാൻ കോൺട്രാക്ട് വ്യവസ്ഥയിൽ പുറത്തുനിന്ന് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ നിർദ്ദേശിച്ചു. ഇതിനായി ഫിനാൻസ് വകുപ്പിന്റെ അംഗീകാരത്തിനായി കുറിപ്പും നൽകി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ഉന്നത ഉദ്യോഗസ്ഥ ഫയൽ ഫ്രീസറിൽ വച്ചിരിക്കുന്നു എന്നാണ് ആരോപണം. നിലവിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മിനി ബസ് ഉണ്ടെങ്കിലും ഇത് ഇടയ്കിടെ കട്ടപുറത്താകുമ്പോൾ പുറത്തുനിന്ന് വൻ തുകയ്ക്ക് പകരം വാഹനം വാടകയ്ക്ക് എടുക്കാറുണ്ട്. വാടക വാഹന വാഹനത്തിന് ഡ്രൈവർ ഉണ്ടാകും. അപ്പോഴും ആരോഗ്യവകുപ്പ് ഡ്രൈവർമാർക്ക് ഒരു പണിയും ചെയ്യാതെ സുഖിക്കാം. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം.

മാനസികരോഗ ആശുപത്രിയിലും സമാന അവസ്ഥ

തൈക്കാട് ആശുപത്രിയിലെ രോഗികളുടെ അവസ്ഥ ഇതാണെങ്കിൽ പേരൂർക്കട മാനസിക രോഗാശുപത്രി(Peroorkada Mental Hospital)യിൽ ഇതിലും ശോചനീയമാണ് കാര്യങ്ങൾ. ഏത് സമയത്തും ആംബുലൻസിന്റെ അടിയന്തരാവശ്യം വേണ്ടിവരുന്ന ആശുപത്രിയാണിത്. എന്നാൽ ഇവിടത്തെ വാഹനങ്ങൾ മിക്കവയും കണ്ടം ചെയ്യേണ്ട കാലം കഴിഞ്ഞവയാണ്. പെട്ടെന്ന് രോഗികൾ അക്രമാസക്തരാകുകയും, പലർക്കും പരിക്കേൽക്കുന്നതും ഇവിടെ നിത്യസംഭവമാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇവിടെയുള്ള അറ്റൻഡർമാരാണ് ആംബുലൻസ് ഓടിക്കാറ്. ഇത് ട്രാഫിക് (Traffic)നിയമം അനുസരിച്ച് കുറ്റകരമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് പ്രിൻസിപ്പൽ സെക്രട്ടറി ട്രെയിനിങ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കാനും, നിലവിൽ കാര്യമായ പണിയില്ലാത്ത ഡ്രൈവർമാരെ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി നിയമിക്കാനും നിർദ്ദേശിച്ചത്. നാളുകൾ കഴിഞ്ഞിട്ടും സെക്രട്ടറിയുടെ വാക്കിന് കടലാസ് വില പോലും കൽപ്പിക്കുന്നില്ല എന്നാണ് ആരോപണം.

Related News

Related News

Leave a Comment