‘മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും’; സന്നിദാനന്ദനെതിരായ അധിക്ഷേപത്തിൽ പ്രതികരിച്ച് ഹരിനാരായണൻ

Written by Taniniram CLT

Published on:

മുടി വളർത്തിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നേരിട്ട ​ഗായകൻ സന്നിദാനന്ദനെ പിന്തുണച്ച് ​കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണൻ. കാൽച്ചുവട്ടിലെ കനലാണ് അവൻ്റെ കുരൽ. മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും, പാടിക്കൊണ്ടേയിരിക്കുമെന്നും ഒപ്പമുണ്ടെന്നും ഹരിനാരായണൻ ഫേസ്ബുക്കിൽ കുറിച്ചു.

കലാകാരന്മാരെ ഇഷ്ടമാണ്. പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടെന്ന് കണ്ടാൽ ആരും പേടിച്ചുപോകും അറപ്പാകുന്നു. എന്നായിരുന്നു ഉഷ കുമാരി എന്ന സ്ത്രീ സന്നിദാനന്ദനെതിരെ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിതുപ്രതാപിനെ പോലെയും സന്നിദാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അധിക്ഷേപ പരാമർശം തന്നെ വേദനിപ്പിച്ചെന്ന് സന്നിദാനന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിന്തുണച്ചുകൊണ്ട് ഹരിനാരായണൻ രംഗത്തെത്തിയിരിക്കുന്നത്.

ഹരിനാരായണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

1994 ആണ് കാലം. പൂരപ്പറമ്പിൽ, ജനറേറ്ററിൽ, ഡീസലു തീർന്നാൽ, വെള്ളം തീർന്നാൽ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല് നിർത്തിയിരിക്കുന്ന പയ്യൻ, ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച് ,രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് 25 ഏറിയാൽ 50 രൂപ കിട്ടും, വേണമെങ്കിൽ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിൻ്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്. ? അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് തന്നെ ഇരിക്കും. പിന്നെ സ്റ്റേജിൻ്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും – ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ?

ചെലോര് കളിയാക്കും, ചിരിക്കും ചെലോര് “പോയേരാ അവിടന്ന് ” എന്ന് ആട്ടിപ്പായിക്കും. അതവന് ശീലമാണ്. എന്നാലും അടുത്ത പൂരപ്പറമ്പിലും, ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും.

നാവില്ലാത്ത, ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം. അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ, രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും.

ഒരു ദിവസം, ഏതോ സ്കൂൾ ഗ്രൗണ്ടിൽ, വലിയൊരു ഗാനമേള നടക്കുകയാണ്. ജനറേറ്ററിനടുത്ത്, കുറച്ച് നേരം പാട്ട് കേട്ടിരുന്ന്, അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു.

“ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ?

അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും, മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി

“വാ… പാട് “

ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. അതിൻ്റെ ആവേശത്തിൽ, നേരെ ചെന്ന്, ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു.

See also  പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ പ്രതികരണവുമായി മമ്മൂട്ടി

“ഇരുമുടി താങ്കീ… “

മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി, ആൾക്കാര് കൂടി കയ്യടിയായി…

പാട്ടിൻ്റെ ആ ഇരു “മുടി” “യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത്. കാൽച്ചുവട്ടിലെ കനലാണ് അവൻ്റെ കുരല്. ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം. അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും. ഒപ്പം.

Related News

Related News

Leave a Comment