2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്‍ ഏകീകരിക്കണമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളിലുള്ളതിനേക്കാള്‍ വിമാന കൂലി ഇനത്തില്‍ അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്‍ഡര്‍ മുഖേന ആദ്യം നിശ്ചയിച്ച തുകയില്‍ നിന്നും നിശ്ചിത ശതമാനം സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നിരന്തര ഇടപെടലുകളിലൂടെ അധികൃതര്‍ ഭാഗികമായി കുറവ് വരുത്തിയിരുന്നു. എന്നിട്ടും കോഴിക്കോട് വലിയ വ്യത്യാസം ഉണ്ടായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്രക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ഹജ്ജ് അപേക്ഷാ സമര്‍പ്പണം മുതല്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ പണം അടക്കല്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളുടെ സമര്‍പ്പണം, വിവിധ ഘട്ടങ്ങളിലായുള്ള ട്രൈനിങ്ങ് ക്ലാസ്സുകള്‍, കുത്തിവെയ്പ്പ്, യാത്രാ തിയ്യതി അറിയിക്കല്‍, ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സഊദിയിലേക്കുള്ള യാത്ര, മടങ്ങിവരവ് തുടങ്ങി എല്ലാ ഘട്ടങ്ങിളും ഹാജിമാര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ തന്നെ വിപുലമായ ഔദ്യോഗിക ട്രൈനിങ്ങ് സംവിധാനം നിലവിലുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിങ്ങ് സംവിധാനത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയടക്കം പ്രശംസിച്ചിട്ടുള്ളതും ഇത് മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുമുള്ളതാണ്. സംസ്ഥാനത്തെ തീര്‍ത്ഥാടകരുടെ ഔദ്യോഗിക ആവശ്യ നിര്‍വ്വഹണങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ കുറ്റമറ്റ സംവിധാനം ഉണ്ടെന്നിരിക്കെ ഇതിനു സമാന്തരമായി പുതിയ സംവിധാനം രൂപപ്പെടുത്തുന്നത് ദുരൂഹമാണെന്ന് യോഗം നിരീക്ഷിച്ചു. വിശുദ്ധ തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഇത് പ്രയാസവും ആശയകുഴപ്പവും സൃഷ്ടിക്കും.
ഹാജിമാര്‍ക്കുള്ള സേവനത്തിലും സഹായത്തിലും ആവശ്യാനുസരണം പങ്കുചേരുന്നതിന് ഔദ്യോഗിക സംവിധാനങ്ങളിലൂടെ തന്നെ അവസരം ഉണ്ടെന്നിരിക്കെ ഇത്തരം സമാന്തര നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് യാഗം ആവശ്യപ്പെട്ടു. ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി ശദ്ധിക്കണമെന്നും മറ്റു കേന്ദ്രങ്ങളെ അവലംബിക്കരുതെന്നും ഹാജിമാര്‍ ജാഗ്രത പാലിക്കണമെന്നും യോഗം അറിയിച്ചു.