ഏകാദശി നിറവിൽ ഗുരുവായൂർ കണ്ണനെ കണ്ടു തൊഴാൻ ഭക്തജന പ്രവാഹം. ദർശന സായൂജ്യം നേടിയ ഭക്തർ എകാദശി വിഭവങ്ങളോടെ പ്രസാദ ഊട്ടിൽ പങ്കു ചേർന്നു. ഇന്നലെ രാത്രി പത്തു മണി മുതൽ ക്ഷേത്ര ദർശനത്തിന് ഭക്തർ വരിനിന്നു. ദശമി ദിനത്തിൽ നിർമ്മാല്യ ദർശനത്തോടെ തുറന്ന ക്ഷേത്രം നട നാളെ ദ്വാദശി പണ സമർപ്പണം പൂർത്തിയായി കഴിഞ്ഞ് രാവിലെ എട്ടു മണിയോടെ അടയ്ക്കും. അതു വരെ ഭക്തർക്ക് തുടർച്ചയായ ദർശന സമയമാണ്.
ഇന്ന് രാവിലെ 9 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ പ്രസാദ ഊട്ടിന് തുടക്കമായി. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗുരുവായൂരപ്പന് മുന്നിൽ ഇലയിട്ട് ഏകാദശി വിഭവങ്ങൾ വിളമ്പി. തുടർന്നു ഭക്തരുടെ ഇലയിലും വിഭവങ്ങൾ വിളമ്പി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ മുൻ എംപി, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.