പെൺകുഞ്ഞുങ്ങളെ ആയോധനകലകൾ പരിശീലിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘ നൃത്തത്തിലൂടെ അവതരിപ്പിച്ച് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർഥിനികൾ.
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വർണ്ണപ്പകിട്ടേകിയ മത്സര ഇനമാണ് സംഘനൃത്തം. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടാണ് ഇവർ ജില്ലാതലത്തിൽ മാറ്റുരയ്ക്കുന്നത്. ശൃംഗ, ദിയ, അമീന, പുണ്യ, ഗൗരി നന്ദ, സ്വാതിക, റോസ്ബെല്ല എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്.
സംഘനൃത്തത്തിലെ പാട്ടുകളെല്ലാം ഇക്കുറി സാമൂഹ്യ വിഷയങ്ങളും പുരാണങ്ങളിൽ നിന്നും എടുത്തവയായിരുന്നു. സീതയെ കട്ടുകൊണ്ടുപോയി ” ശോകാർദ്രയായ മൈഥിലി തേങ്ങുന്നു…. നിൻ മൊഴി കേൾക്കാൻ ദേവാ…. ” എന്നാ സീതയുടെ പരിദേവനവും രാവണന്റെ പതനവും കുട്ടികൾ അവതരിപ്പിച്ചപ്പോൾ കാണികൾ നിർവൃതി പൂണ്ടു.
കണ്ണൂരിലെ തെയ്യം വിഷയമാക്കിയും സംഘനൃത്തം കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു.
പെൺകുഞ്ഞ് ആണെന്നറിഞ്ഞ് പിതാവ് തന്നെ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന നാടിനെ നടുക്കി കൊണ്ടിരിക്കുന്ന വിഷയങ്ങളും, പെൺകുഞ്ഞുങ്ങൾ നാടിന്റെ കരുത്താണെന്നും സംഘനൃത്തത്തിൽ കുട്ടികൾ അവതരിപ്പിച്ചു കയ്യടി നേടി.