സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു. കേരളത്തില്‍ ഇന്നും പവന് 880 രൂപ കുറഞ്ഞു വില 56,000 രൂപയ്ക്കു താഴെയെത്തി. 55,480 രൂപയിലാണു വ്യാപാരം. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. സെപ്റ്റംബര്‍ 23നുശേഷം ആദ്യമായാണ് പവന്‍വില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്. വിവാഹപ്പാര്‍ട്ടിക്കാര്‍ക്കും ആഭരണപ്രേമികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഇപ്പോഴത്തെ വില. വില കുറഞ്ഞതിനാല്‍ പ്രമുഖ ജ്വല്ലറികള്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഈ മാസം ഇതുവരെ പവന് കുറഞ്ഞത് 4,160 രൂപയാണ്. ഗ്രാമിന് 520 രൂപയും. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നു കുറിച്ച പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോര്‍ഡ് വില. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉള്‍പ്പെടെ കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് 90 രൂപ ഇടിഞ്ഞ് 5,720 രൂപയായി. ഇന്നലെ കൂടിയ വെള്ളിവില ഇന്നു താഴേക്കിറങ്ങി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് വില 97 രൂപയായി.