കണ്ണൂര്‍: സിപിഐഎം (CPIM)സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനെ (P Jayarajan)പുകഴ്ത്തി വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ് . ആര്‍ വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പി ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയെന്നും ജയരാജന്‍ എന്നും ജന മനസ്സില്‍ നിറഞ്ഞുനില്‍ക്കുമെന്നുമാണ് ബോര്‍ഡുകളിലുള്ളത്.
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസുകളിലും എന്നെന്നും നിറഞ്ഞുനില്‍ക്കും ഈ സഖാവ്’ എന്നാണ് ഒരു ബോര്‍ഡിലെ വാചകങ്ങള്‍. സിപിഐഎം ശക്തി കേന്ദ്രത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് പി ജയരാജന്‍ ഇന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. പി ജയരാജനെ ഇത്തവണ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് പി ജയരാജനെ പരിഗണിച്ചില്ല.
കഴിഞ്ഞ ദിവസമാണ് മധുരയില്‍ വെച്ച് നടന്ന 24ാമത് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് എം എ ബേബിയെ സിപിഐഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 18 അംഗ പോളിറ്റ് ബ്യൂറോയും 85 അംഗ കേന്ദ്ര കമ്മിറ്റിയുമാണ് ഇത്തവണ രൂപീകരിച്ചത്. പോളിറ്റ് ബ്യൂറോയിലേക്ക് മലയാളിയും അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായ വിജൂ കൃഷ്ണനും ഇടംനേടി.
കേന്ദ്രകമ്മിറ്റിയിലേക്ക് എല്‍ഡിഎഫ് കണ്‍വീനറായ ടി പി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ എന്നിവര്‍ കേരളത്തില്‍ നിന്ന് പുതുതായി ഉള്‍പ്പെട്ടു. ജോണ്‍ ബ്രിട്ടാസ് എംപിയെ സ്ഥിരം ക്ഷണിതാവായും പരിഗണിച്ചു. അതേസമയം പിബിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പി കെ ശ്രീമതിക്കും പ്രായപരിധിയില്‍ നിന്നും ഇളവ് നല്‍കിയിട്ടുണ്ട്.