കാർ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു; യാത്രക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു

Written by Taniniram1

Published on:

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പാലത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഡി.സി.സി മുൻ ജനറൽ സെക്രട്ടറി സക്കറിയ കട്ടിക്കാരന്‍റെ സുസുകി എസ് ക്രോസ് കാറാണ് കത്തിനശിച്ചത്. ഇദ്ദേഹം മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പാലത്തിനു മധ്യത്തില്‍വെച്ച്‌ ആംബുലൻസിനായി കാര്‍ ഒതുക്കിയപ്പോള്‍, ആംബുലൻസ് ഡ്രൈവറാണ് പിറകില്‍ തീപിടിക്കുന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയത്. ഉടൻ കാറില്‍ നിന്നിറങ്ങിയ സക്കറിയ, ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷൻ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍റെ സഹായത്തോടെ വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

എറണാകുളം സെൻട്രല്‍ പൊലീസും, ഗാന്ധിനഗര്‍ ക്ലബ് റോഡ് അഗ്നിരക്ഷാ സേനയും എത്തിയാണ് തീയണച്ചത്. ഇതിനിടെ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കാര്‍ കത്തിയതെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.

വൈകീട്ട് ലിസി ആശുപത്രിക്കു സമീപമുള്ള സര്‍വിസ് സ്റ്റേഷനില്‍ നിന്ന് സാധാരണ സര്‍വിസിനു ശേഷം വര്‍ക്ക് ഷോപ് ജീവനക്കാരൻ വീട്ടിലെത്തിച്ച കാറില്‍ ഭാര്യയെ ജോലി സ്ഥലത്തുനിന്ന് കൂട്ടാൻ പോകുന്ന വഴിക്കായിരുന്നു അപകടമെന്ന് കാര്‍ ഉടമ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് കലൂര്‍-കച്ചേരിപ്പടി റോഡില്‍ ഏറെനേരം ഗതാഗത സ്തംഭനമുണ്ടായി. ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Related News

Related News

Leave a Comment