24 ന്യൂസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ (EP Jayarajan) . ഭാര്യക്ക് വൈദേകം രിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്റെ ഭാര്യയുടെ പേരില്‍ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മില്‍ ബന്ധമില്ല. നിരാമയ മികച്ച പ്രൊഫഷണല്‍ സ്ഥാപനമാമെന്നും അദ്ദേഹം പറഞ്ഞു. ആ സ്ഥാപനവുമായി വൈദേഹിക്കുള്ള നടത്തിപ്പ് കരാര്‍ മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു. 24 ന്യൂസിന് എതിരെ സൈബര്‍, ക്രിമിനല്‍ കേസുകള്‍ നല്‍കും.വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്നു വാര്‍ത്ത നല്‍കി. ഇത് പണം കൊടുത്ത് ചെയ്യിച്ച വാര്‍ത്തയാണ്.ഡിജിപിക്ക് പരാതി നല്‍കി.അതില്‍ നടപടി വരാന്‍ പോവുകയാണ്.കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവര്‍ ഗൂഢാലോചന നടത്തിയെന്നും ഇപിജയരാജന്‍ ആരോപിച്ചു. രമേശ് ചെന്നിത്തലയ്ക്കും സതീശനും 24 ന്യൂസിനും എതിരെ നിയമ നടപടി തുടരുമെന്നും ഇപി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
24 ചാനല്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ഇപി ആരോപിച്ചു. കുറച്ചുകാലമായി 24 ചാനല്‍ തന്നെ വേട്ടയാടുന്നു. ആരുടെയോ കയ്യില്‍ നിന്ന് ക്വട്ടേഷനെടുത്താണ് തന്നെ വേട്ടയാടുന്നത്. ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നു. സ്‌പോണ്‍സേര്‍ഡ് വാര്‍ത്തകളാണ് നല്‍കുന്നത്. ഇതിന് പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യക്തിഹത്യ നടത്തുകയാണെന്നും ഇപി ജയരാജന്‍ ആരോപിച്ചു. തനിക്ക് രാജീവ് ചന്ദ്രശേഖറിനെ മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ. ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ വി ഡി സതീശന് മറുപടി നല്‍കി. തനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ എല്ലാം സതീശന് എഴുതികൊടുക്കാം. കൈരളി ചാനലില്‍ മാത്രമേ തനിക്ക് ഷെയറുള്ളൂ. ഭാര്യയ്ക്ക് ബിസിനസ് ഉണ്ടെങ്കില്‍ അതും സതീശന് എഴുതികൊടുക്കാം. മുദ്രപ്പേപ്പറുമായി വന്നാല്‍ ഒപ്പിട്ട് നല്‍കാമെന്നും ജയരാജന്‍ പരിഹസിച്ചു.