കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം . മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് കാട്ടാന മണിയെ ആക്രമിച്ചത്. ചോലനായ്ക്കർ ഗോത്ര വിഭാഗത്തിൽപ്പെട്ട ആളാണ്. മണിയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലാണുള്ളത്. ഉൾവനത്തിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.
വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നെടുങ്കയത്ത് എത്തിച്ചു. അവിടെ നിന്നാണ് നിലമ്പൂർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ മണിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് മണി. കഴിഞ്ഞാഴ്ച ഇടുക്കി തൊടുപുഴയിൽ പശുവിനെ അഴിക്കാൻ പോയ യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കോതമംഗലത്ത് കാട്ടാനയക്രമണത്തിൽ മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു.