തിരുവനന്തപുരം : പാര്‍ട്ടിക്ക് പണി കൊടുക്കാന്‍ നോക്കി. പാര്‍ട്ടി തിരിച്ച് പണി കൊടുത്തു. സംഭവം തിരുവനന്തപുരത്തെ കരുംകുളം പഞ്ചായത്തില്‍.
കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാര്‍ഡായ 18-ല്‍ നിന്നും വിജയിച്ച സിപിഎം (CPM) അംഗത്തെ സിപിഎമ്മിന്റെ പരാതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കി. സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച സോളമനെയാണ് ഇലക്ഷന്‍ കമ്മീഷന്‍ (Election Commission) അയോഗ്യനാക്കിയത്. കൂറുമാറ്റത്തിന്റെ പേരിലായിരുന്നു നടപടി.
2022 ഡിസംബറില്‍ എല്‍ഡിഎഫ് ഭരണത്തിനെതിരെ കോണ്‍ഗ്രസ് (Congress) അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിനെ പിന്തുണച്ച് സോളമന്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മിനെ പിന്തുണച്ചിരുന്ന ഒരു സ്വതന്ത്രന്‍ കൂടി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതോടെ ഭരണം എല്‍ഡിഎഫിന് നഷ്ടമായി.
എന്നാല്‍ കൂറുമാറിയ സോളമനെതിരെ പരാതിയുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. സോളമന്‍ പാര്‍ട്ടിവിപ്പ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിപിഎം ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സോളമനെ അയോഗ്യനാക്കിയത്.