സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ വീടിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. പാപ്പനംകോട് ലോക്കൽ കമ്മിറ്റി അംഗവും കെഎസ്കെടിയു ലോക്കൽ സെക്രട്ടറിയുമായ ആർ സുരേഷ് കുമാറിൻ്റെ പാപ്പനംകോട് കരുമം ലക്ഷംവീട് പ്രദേശത്തെ വീടിന് നേർക്കാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം.
മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് സുരേഷ് കുമാറും വൃദ്ധരായ മാതാപിതാക്കളും ബന്ധു വീട്ടിലേക്ക് മാറിയിരുന്നു. ലഹരി കച്ചവടത്തിനെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്ന സംശയത്തിലാണ് വീടിനു നേരെ അക്രമണ൦ അഴിച്ചു വിട്ടത് . നിരവധി കേസുകളിൽ പ്രതിയായ കരുമം ലക്ഷം വീട് സ്വദേശി മിഥുനാണ് ആക്രമണം നടത്തിയത്. സുരേഷ് കുമാറിനെ വകവരുത്താൻ എത്തിയ മിഥുൻ ഇയാളെ കിട്ടാത്തതിൻ്റെ അരിശത്തിൽ വീട്ടുപകരണങ്ങളും സ്ഥലത്തുണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടർ ഉൾപ്പെടെ അടിച്ചു തകർത്തത്. ഇതിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനു കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടനടി പിടികൂടി. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും മറ്റു പാർട്ടി നേതാക്കളും ആക്രമണ൦ നടന്ന സുരേഷ് കുമാറിന്റെ വീട് സന്ദർശിച്ചു. ഗുണ്ടകൾക്കെതിരെയും മയക്കുമരുന്ന് സംഘങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.