ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. റുവൈസ് ചെയ്തത് അതീവ ഗൗരവമുള്ള കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
അഞ്ചാം തീയതിയാണ് വെഞ്ഞാറമൂട് സ്വദേശിയായ ഡോ.ഷഹ്ന മരിച്ചത്. മെഡിക്കല്‍ കോളജിന് സമീപമുള്ള ഫ്‌ലാറ്റ് മുറിയിലാണ് അബോധാവസ്ഥയില്‍ കണ്ട ഷഹ്നയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷഹ്ന പിജി വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് ഡോ. റുവൈസുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് ഷഹ്ന ജീവനൊടുക്കിയത്.
അവസാന നിമിഷം ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ. ഷഹന റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.