സംവിധായകൻ ഡോ. ബിജു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് അംഗത്വം രാജിവെച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ഡോ. ബിജുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. തൊഴിൽപരമായ കാരണങ്ങൾ കൊണ്ടാണ് രാജി എന്നാണ് ഡോ. ബിജു നൽകുന്ന വിശദീകരണം.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡോ. ബിജുവിനെ കുറിച്ച് രഞ്ജിത് പരാമർശിച്ച രീതിയാണ് വലിയ വിവാദത്തിന് തുടക്കമിട്ടത്. തിയേറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടർ ബിജുവിനെല്ലാം എന്ത് റെലവൻസ് ആണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ. ഡോ. ബിജു സംവിധാനംചെയ്ത അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാമർശം.
തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ താൻ ആളല്ല എന്ന് ഡോ. ബിജു ഇതിന് മറുപടി നൽകി. എന്റെ റെലവൻസ് തീരുമാനിക്കുന്നത് മിസ്റ്റർ രഞ്ജിത്ത് അല്ല. കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്തയാളുടെ വിലയിരുത്തൽ തനിക്ക് ആവശ്യമില്ലെന്നും ഡോ. ബിജു വ്യക്തമാക്കിരുന്നു. ഡോ. ബിജുവിന്റെ പ്രതികരണം നിമിഷനേരങ്ങൾക്കകം സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്കിടയാക്കി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ രാജി.