തിരുവനന്തപുരത്തെ പിടിച്ചുലച്ച്‌ ഡെങ്കിപ്പനി

Written by Taniniram Desk

Published on:

തിരുവനന്തപുരം: ഡെങ്കിപ്പനി പിടിമുറുക്കിയ തലസ്ഥാനത്ത് 75% കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍. തമ്പാനൂര്‍, തൈക്കാട്, ശ്രീകാര്യം, മെഡിക്കല്‍ കോളേജ്, വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലാണ് കൂടുതല്‍ ഡെങ്കിപ്പനി കേസുകളുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ പലയിടങ്ങളിലും തുടര്‍ നടപടികളും സര്‍വേയും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരുടെ സംഘം ആറ്റിങ്ങള്‍ നഗരസഭയില്‍ സര്‍വേ നടത്തുന്നുണ്ട്. വാമനപുരം, പുല്ലമ്പാറ, കല്ലറ പഞ്ചായത്തുകളില്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഡെങ്കിപ്പനി കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കഴക്കൂട്ടം മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നഗര പരിധിയിലും തീരദേശ പ്രദേശങ്ങളിലും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുകളെടുത്താല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളില്‍ 60 ശതമാനവുമുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. നഗരപരിധിയിലുള്ള പല സ്‌കൂളുകളിലും കോളേജുകളിലും പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മെഡിക്കല്‍ കോളേജ് ക്യാംപസിലെയും അവസ്ഥ ഇത് തന്നെയാണ്. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകളാണ് ഈ രോഗം പരത്തുന്നത്. ടൈപ് 1,2,3,4 എന്നിങ്ങനെ ഡെങ്കിപ്പനി നാല് തരത്തിലാണുള്ളത്.
ടൈപ് 1 ഡെങ്കിപ്പനി ബാധിച്ച വ്യക്തിക്ക് മറ്റൊരു തരത്തിലുള്ള ഡെങ്കിപ്പനി ബാധിച്ചാല്‍ അത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കാനുള്ള സാധ്യതയുണ്ട്. ഒരാള്‍ക്ക് രണ്ടാമത്തെ തവണയും ഡെങ്കിപ്പനി ബാധിച്ചാല്‍ വളരെ പെട്ടന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ഡെങ്കി ഹെമറേജികിനെയാണ് ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത്. ഇതില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ക്ക് പുറമെ ഗുരുതരമായ രക്തസ്രാവവും രക്തസമ്മര്‍ദവുമുണ്ടാകാം. ഡെങ്കി ഹെമറേജിക് കൂടുമ്പോള്‍ ഡെങ്കി ഷോക്ക് സിന്‍ഡ്രോം വരാനുള്ള സാധ്യതയുമുണ്ട്.

Leave a Comment