ബാംഗ്ലൂർ: മാനന്തവാടിയിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം മയക്കുവെടിവച്ച് പിടികൂടി കർണ്ണാടകയിൽ ബന്ദിപ്പൂർ (Bandipur)രാമപുരം ആന സങ്കേതത്തിൽ എത്തിച്ച തണ്ണീർക്കൊമ്പൻ(Thanneerkomban) ചരിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. ഈ ആന ചരിയാനുണ്ടായ കാരണം മയക്കുവെടി വയ്ക്കുന്നതിനു മുമ്പേ ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാത്തതിനാലാണെന്നാണ് അഭ്യൂഹം. കർണ്ണാടകയിൽ നിന്നും അതിന് ഭക്ഷണവും വെള്ളവും ആവശ്യത്തിന് കിട്ടാത്ത സാഹചര്യത്തിൽ ആയിരിക്കും ആനകൾ തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്നും ആഹാരത്തിനായി നാട്ടിലേയ്ക്ക് ഇറങ്ങുന്നത്.
ഇത് ഒരു വന്യജീവിയാണ്. വന്യജീവികൾ നാട്ടിലിറങ്ങിയാൽ ഈ ജീവികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ നാട്ടുകാർ സെൽഫി എടുക്കുവാനും ഒഴിഞ്ഞമദ്യക്കുപ്പികൾ അതിന്റെ ശരീരത്തിൽ എറിയുന്നതും ആർത്തുവിളിക്കുന്നതും ഒരു ശീലമാക്കിയിരിക്കുകയാണ്. ഇതിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിലും പോലീസ്, ഫോറസ്റ്റ് ഡിപ്പാർട്മെന്റുകൾ വന്യജീവി സംരക്ഷണ നിയമം പ്രകാരം ശിക്ഷാനടപടികളുമായി മുന്നോട്ട് പോകാത്തതാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നതിന് കാരണം. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി തണ്ണീർകൊമ്പന് ഭക്ഷണമോ വെള്ളമോ കിട്ടിയിട്ടില്ലെന്ന് പ്രാഥമികനിഗമനത്തിൽ തന്നെ മനസ്സിലാക്കാം. അതുപോലെതന്നെ റേഡിയോ കോളർ ഇതിന്റെ കഴുത്തിലുമുണ്ട്. എന്തുകൊണ്ട് ഈ ആന കേരളത്തിലേക്ക് വന്നപ്പോൾ പരിശോധിക്കപ്പെട്ടില്ല? NGO അസോസിയേഷൻ കാണിക്കുന്ന വൻ തട്ടിപ്പായിട്ടാണ് ഇതിനെ അനുമാനിക്കേണ്ടത്.
കർണ്ണാടക പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ തണ്ണീർക്കൊമ്പനെ ബന്ദിപ്പൂരിൽ എത്തിച്ചതിനുശേഷമാണ് ചരിഞ്ഞത് എന്നാണ് അറിയിച്ചത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിൽ എത്തും. ഇന്നുതന്നെ ആനയുടെ പോസ്റ്റ് മോർട്ടം നടത്തും. 20 ദിവസത്തിനിടെ 2 തവണയാണ് ആന മയക്കുവെടിക്ക് വിധേയമായത്. മറ്റെന്തെങ്കിലും പരിക്ക് ആനയ്ക്ക് ഉണ്ടായിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ പ്രശസ്തനായ സ്‌നേക്ക് മാസ്റ്റർ വാവ സുരേഷ് അദ്ധ്യക്ഷനായുള്ള ‘നേച്ചർ ഫോർ ഫ്യൂച്ചർ’ എന്ന സംഘടന, സംസ്ഥാന ഡി. ജി. പി. യോട് കൂട്ടംകൂടിനിൽക്കുന്ന ആളുകളെ അവിടുന്ന് ഒഴിവാക്കാൻ വേണ്ടി കൂടുതൽ പോലീസുകാരെ നിയോഗിക്കാനും, ആന വന്ന അതേ വഴികളിൽ കൂടി സ്വാഭാവികമായി തിരിച്ചുപോകുന്നതിനു വേണ്ടിയുള്ള വഴി ഒരുക്കുന്നതിനും ആവശ്യപ്പെട്ടിരുന്നു. 20 ദിവസത്തിനുള്ളിൽ രണ്ട് തവണ മയക്കുവെടിവച്ചാലുണ്ടാകുന്ന വിപത്തിനെപ്പറ്റിയും സൂചിപ്പിച്ചിരുന്നു. കൂടാതെ കേരള പ്രിൻസിപ്പൽ ഫോറെസ്റ്റ് കൺസർവേറ്ററെ വിളിച്ച് മയക്കുവെടി വയ്ക്കാതെ അതിന് സ്വാഭാവികമായും തിരിച്ചുപോകാനുള്ള സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പൊതുജനങ്ങളുടെയും ഭരണകർത്തക്കളുടെയും സമ്മർദ്ദം തനിക്ക് അതിജീവിക്കാൻ ആകില്ലെന്നാണ് അറിയിച്ചത്.
വന്യമൃഗങ്ങളെക്കുറിച്ചുള്ള പ്രോട്ടോക്കോളുകൾ പഠിക്കാതെ സാധുജീവികളോട് കാണിക്കുന്ന ഇത്തരത്തിലെ അനീതിയ്ക്കെതിരെയും ഭരണ ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം തുടരുന്നതിനെതിരെയും ശക്തമായി ‘നേച്ചർ ഫോർ ഫ്യൂച്ചർ’ (Nature For Future)സംഘടന ഇടപെടുമെന്ന് അറിയിച്ചു.