Bhudanoor: അങ്കണവാടി കുട്ടികൾക്കായി വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തി. ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാടിനു സമീപമുള്ള അങ്കണവാടിയിലെ ഒരു കുട്ടിക്ക് കഴിഞ്ഞ മാസം 22 ന് നൽകിയ അമൃതം പൊടിയുടെ കവറിലാണ് ചത്ത പല്ലികളെ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാർ പൊട്ടിച്ച് കുറുക്ക് തയാറാക്കാൻ തുടങ്ങുമ്പോഴാണ് 2 പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറിഞ്ഞൊരു പല്ലിയുടെ വാലും ലഭിച്ചതായി വീട്ടുകാർ അങ്കണവാടി വർക്കറെ അറിയിച്ചു.
വർക്കർ ആ അമൃതം പൊടി പാക്കറ്റ് അങ്കണവാടി സൂപ്പർവൈസറെ വിളിച്ച് കാണിക്കുകയും മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അങ്കണവാടികൾക്കായി മാന്നാർ മുട്ടേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന അമൃതശ്രീ അമൃതം യൂണിറ്റ് ജനുവരി 21ന് തയാറാക്കിയ കവറിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയതെന്നും വർക്കർ പറഞ്ഞു. ബുധനൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ ഈ ബാച്ചിൽപെട്ട അമൃതംപൊടി ഉപയോഗിക്കരുതെന്നും നിർദേശം നൽകി.