തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡ് ഇട്ട് 10.48262 കോടി യൂണിറ്റിൽ എത്തി. കഴിഞ്ഞ 27ന് ഉപയോഗിച്ച 10.46309 കോടി യൂണിറ്റിന്റെ റെക്കോർഡ് ആണ് തിങ്കളാഴ്ച തകർന്നത്. ഈ മാസത്തെ ഉപയോഗം ഇനിയും റെക്കോർഡ് ഭേദിച്ച് പ്രതിദിന വൈദ്യുതി ഉപയോഗം 10.5 കോടി യൂണിറ്റിനു മുകളിൽ എത്താമെന്നാണ് കെഎസ്ഇബി നിഗമനം.
സംസ്ഥാനത്ത് തിങ്കളാഴ്ച വൈകുന്നേരം പീക് ലോഡ് സമയത്ത് 5265 മെഗാവാട്ട് ആയിരുന്നു ആവശ്യമായ ലോഡ്. ഇത്രയും ലോഡിൽ വൈദ്യുതി നൽകിയില്ലെങ്കിൽ വോൾട്ടേജ് താഴുകയും വിതരണ ശൃംഖല തകരാറിൽ ആകുകയും ചെയ്യും. പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം ഇനിയുള്ള ദിവസങ്ങളിൽ 5500 മെഗാവാട്ട് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോഗം വർധിക്കുമ്പോൾ പവർ എക്സ്ചേഞ്ചിൽ നിന്ന് യൂണിറ്റിന് 10 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങിയാണ് വിതരണം ചെയ്യുന്നത്.