Written by Taniniram1

Published on:

തിരുവനന്തപുരം: ശബരിമലയിലെ തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതെ പോയത് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്ന് പരക്കെ ആക്ഷേപം. മുൻകാലങ്ങളിൽ ശബരിമലയിൽ നിയന്ത്രണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നവരെല്ലാം ക്രമസമാധാന രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണ്.

അപ്പോഴപ്പോഴായി പത്തനംതിട്ട, കോട്ടയം ,ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചും ട്രാഫിക് വിഭാഗവും നൽകുന്ന കണക്കുകൾ ഏകോപിപ്പിച്ച് വളരെ കൃത്യതയോടെ റാന്നി മുതൽ തന്നെ നിയന്ത്രണം ക്രമീകരിച്ച് നിലയ്ക്കലേക്കുള്ള ഭക്ത കുത്തൊഴുക്കിനെ നിയന്ത്രിയ്ക്കുമായിരുന്നു. പതിവായി ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥർക്ക് അവിടുത്തെ ഓരോ മാറ്റവും തിരിച്ചറിയാൻ കഴിയും. എന്നാൽ നവകേരള സദസ് യാത്രയും തുടർന്നുള്ള സംഘർഷങ്ങളും കാരണം ക്രമസമാധാന പാലന ചുമതലയുള്ള മിക്ക ഉദ്യോഗസ്ഥരും അതിൻ്റെ മുന്നൊരുക്കങ്ങളിലായിരുന്നെന്നാണ് സൂചന. അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് നവകേരള സദസ് യാത്ര എറണാകുളം ജില്ലയിൽ എത്തിയതോട ശബരിമലയുടെ ഗതാഗത നിയന്ത്രണം താറുമാറായി.

രണ്ടു ദിവസം മുമ്പാണ് ശബരിമല ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ മാറ്റി പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചത്. തിരക്ക് കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്കു പിഴവ് പറ്റിയെന്ന ദേവസ്വം മന്ത്രിയുടെ നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചത്. ഐ പി എസ് ഉദ്യോഗസ്ഥരായ കെ.സുദർശനൻ, എസ് മധുസൂദനൻ, സന്തോഷ് കെ.വി.എന്നിവരാണ് നിലവിൽ ഉള്ളവർ. എന്നാൽ മുൻ കാലങ്ങളിൽ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ചെറിയ ചെറിയ കാരണങ്ങളാൽ സസ്പെന്ഷനിലായി പുറത്തു നിൽക്കുന്ന ഉദ്യോഗസ്ഥരെ സസ്പെന്ഷൻ കാലാവധി പൂർത്തിയായാൽ അടിയന്തര സാഹചര്യം പരിഗണിച്ചു ഇവരെ തിരിച്ചെടുത്ത് ഉദ്യോഗസ്ഥരുടെ കുറവ് നികത്തുമായിരുന്നു.

എന്നാൽ സസ്പെന്ഷൻ കാലാവധി പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും
തിരിച്ചെടുക്കുന്നതിനു വേണ്ടിയുള്ള യാതൊരുവിധ നടപടിയും കൈകൊള്ളാത്തതിനാൽ പത്തോളം ഡി വൈ എസ് പി മാർ പുറത്താണ്. ഇവരിൽ പലരും ക്രമസമാധാന പാലന രംഗത്തും കുറ്റാന്വേഷണ രംഗത്തും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ളവരാണ്. സസ്പെന്ഷൻ പട്ടികയിലുള്ള ഡി വൈ എസ് പി ജ്യോതികുമാർ സി ബി ഐയിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. 2 ജി സ്പെക്ട്രം അഴിമതി, അഭയ കേസ്, ചെങ്ങന്നൂർ ഭാസ്കര കാരണവർ കോലപാതകം എന്നിവയെല്ലാം അന്വേഷിക്കുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്ത ഉദ്യോഗസ്ഥനാണ്.

കേരളത്തെ പിടിച്ചുലച്ച പാറശാല ഷാരോനിന്റെ കൊലപാതക൦ തെളിയിച്ചത് ഡി വൈ എസ് പി ജോൺസന്റെ പരിശ്രമ ഫലമായിരുന്നു. തിരുവനന്തപുരം മാറനല്ലൂരിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് കാണാതായ ദിവ്യ, മകൾ ഗൗരി എന്നിവരെ കുറിച്ച് യാതൊരു വിവരവും പോലീസിന് ഇല്ലായിരുന്നു . പിന്നീട് ഇവരെ കൊലപെടുത്തിയതാണെന്ന് തെളിയിച്ചത് ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു. ഈ കേസിന്റെ അന്വേഷണം സർക്കാരിന് വലിയ അഭിമാനം നേടിക്കൊടുത്ത സംഭവമായിരുന്നു.

തൊടുപുഴ കറുത്ത മുത്ത് കൊലപാതകം, മറ്റൊരു പോക്‌സോ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും വാങ്ങി നൽകിയതിനു പിന്നിൽ ഡി വൈ എസ് പി റെജിയുടെ അന്വേഷണ മികവായിരുന്നു. ഡി വൈ എസ് പി കെ.എസ്. സുരേഷ് ബാബു ആകട്ടെ കേരള ഫിനാൻഷ്യൽ കോർപറേഷനിലെ വായ്പ സംബന്ധമായ കോടികളുടെ അഴിമതി അന്വേഷിച്ചതോടെയാണ് ചിലരുടെ കണ്ണിലെ കരടായി മാറിയത്.

ഈ ഉദ്യോഗസ്ഥർ എല്ലാം തന്നെ ക്രമസമാധാന പാലന രംഗത്ത് പരിചയ സമ്പന്നരാണ്. ഒരു ഡി വൈ എസ് പി യുടെ കീഴിൽ മിനിമം ഏഴ് പോലീസ് സ്റ്റേഷനെങ്കിലും ഉണ്ടാകും. അങ്ങനെ കണക്കു കൂട്ടിയാൽ തന്നെ എഴുപതോളം പോലീസ് സ്റ്റേഷനുകളെ നിയന്ത്രിക്കേണ്ടവരാണ് പുറത്തു നിൽക്കുന്നത്. മാത്രമല്ല സസ്പെന്ഷനിലാണെങ്കിലും ശമ്പളത്തിന്റെ പകുതിയോളം ഈ ഉദ്യോഗസ്ഥർമാർക്കു ലഭിക്കുന്നു. ഇവരുടെ ഒരു സേവനവും പ്രയോജനപ്പെടുത്താതെ സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങളാണ് ചോരുന്നത്. ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ കുറവ് ക്രമസമാധാന രംഗത്തെ ബാധിക്കുമെന്ന് നിയമ വിദഗ്ധർ പറയുന്നു.

Related News

Related News

Leave a Comment