എറണാകുളം കളക്ടര്‍ കുട്ടികള്‍ക്ക് കളക്ടറേറ്റില്‍ സമ്മാനമൊരുക്കി

Written by Taniniram Desk

Published on:

കാക്കനാട് : ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് കളക്ടറേറ്റില്‍ സമ്മാനമൊരുക്കി എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ചൊവ്വാഴ്ച വൈകീട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് കുട്ടികള്‍ക്കായി ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെത്തിയ കളക്ടര്‍ കുട്ടികളോട് അവര്‍ ആഗ്രഹിക്കുന്ന സമ്മാനം എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടത്. സ്ഥാപന മേധാവിയില്‍നിന്നും അവിടത്തെ അത്യാവശ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.

ചോക്ലേറ്റ് മുതല്‍ ഗിറ്റാര്‍ വരെയുള്ള ലിസ്റ്റ് കുട്ടികള്‍ തയ്യാറാക്കി കളക്ടര്‍ക്ക് നല്‍കി. ഈ ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളാണ് കളക്ടര്‍ ക്രിസ്മസ് സമ്മാനമായി വിതരണം ചെയ്തത്. ലുലു ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സമ്മാനങ്ങള്‍ ലഭ്യമാക്കിയത്.

സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ തയ്യാറുള്ളവരെയും കൂട്ടിയിണക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘എവരിവണ്‍ ഫോര്‍ എറണാകുളം ഇനീഷ്യേറ്റീവി’ന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. പദ്ധതിയുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു.

കുട്ടികള്‍ക്കായി കളക്ടര്‍ ക്രിസ്മസ് കേക്ക് മുറിച്ചു. ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എം.വി. ടിന്‍സി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ലുലു ഗ്രൂപ്പ് പ്രതിനിധി ജോ പൈനാടത്ത് ജോസി, സബ് കളക്ടര്‍ കെ. മീര, ജില്ലാ വികസന കമ്മിഷണര്‍ എം.എസ്. മാധവിക്കുട്ടി, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര തുടങ്ങിയവര്‍ പങ്കെടുത്തു.

Related News

Related News

Leave a Comment