സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് (chintha jerome)പരുക്ക്. ഇന്നലെ രാത്രി തിരുമുല്ലവാരത്താണു സംഭവം. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാര്‍ മനഃപൂര്‍വം ദേഹത്ത് ഇടിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസില്‍ പരാതി നല്‍കി. ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കില്‍ എത്തിയിരുന്നു. ചര്‍ച്ച കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിനോയ് ഷാനൂര്‍ തന്റെ കാറില്‍ മടങ്ങാന്‍ ഒരുങ്ങവേ ഡ്രൈവര്‍ കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ സമീപം നില്‍ക്കുകയായിരുന്ന ചിന്തയുടെ ദേഹത്ത് തട്ടുകയായിരുന്നു.
കാര്‍ ഒാടിച്ചിരുന്ന സെയ്ദലി, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് എതിരെയാണ് ചിന്താ ജെറോം പരാതി നല്‍കിയത്. എന്നാല്‍ ചിന്തയുടെആരോപണം കളവാണെന്നു അവര്‍ പറയുന്നു.ചിന്താ ജെറോമിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനഃപൂര്‍വം കാര്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. എം.എ ബേബി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ചിന്തയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.