Friday, April 4, 2025

വ്യാജ വാർത്തയെന്ന് എൻ കെ അക്ബർ എം എൽ എ

Must read

- Advertisement -

ചാവക്കാട് ബീച്ചിൽ മാസങ്ങൾക്ക് മുൻപ് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം ആണെന്നും,യാഥാർഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണെന്നും എൻ. കെ. അക്ബർ എം.എൽ.എ പറഞ്ഞു.

സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച ജാഗ്രതാ നിർദേശപ്രകാരം ഉയർന്ന തിരമാല ഉള്ളതിനാൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. രാവിലെ വേലിയേറ്റം ഉണ്ടായതിന്റെ ഭാഗമായി തിരമാലകൾ ശക്തമായിരുന്നതിനാൽ അഴിച്ചുമാറ്റാൻ സാധിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചുമാറ്റാൻ തീരുമാനിക്കുകയും ചെയ്തു.

ബീച്ചിൽ വന്ന സഞ്ചാരികൾക്ക് ഫ്ലോട്ടിങ് ബ്രിഡ്ജിൽ പ്രവേശനമില്ല എന്നും അറിയിച്ചിരുന്നു.ശേഷം ഓരോ ഭാഗങ്ങളായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റുക. ഇതറിയാതെ തെറ്റിദ്ധാരണ കൊണ്ട് മാത്രമാണ് കണ്ട് നിന്നവരും, മാധ്യമങ്ങളും പാലം പിളർന്നു എന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചത്.
ഫ്ലോട്ടിങ് ബ്രിഡ്ജ് സെന്റർ പിന്നുകളാൽ ബന്ധിച്ചാണ് കടലിൽ ഇട്ടിട്ടുള്ളത്. തിരമാല കൂടിയ സമയത്ത് ഇത്തരം സെന്റർ പിന്നുകൾ അഴിച്ചു ഫ്ലോട്ടിങ് ബ്രിഡ്ജ് വ്യത്യസ്ത ഭാഗങ്ങളായി കരയിലേക്ക് കയറ്റിവെക്കാനും സാധിക്കും.

NIWS (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട് ) എന്ന സ്ഥാപനത്തിൽ നിന്നും ട്രെയിനിങ് ലഭിച്ച 11 സ്റ്റാഫുകളുടെ പൂർണമായ നിയന്ത്രണത്തിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നത്. കൂടാതെ റെസ്ക്യൂ ബോട്ട്, ലൈഫ് ജാക്കറ്റ്, എമർജൻസി ആംബുലൻസ് എന്നിവയുമുണ്ട്. നിലവിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് കരയിൽ സുരക്ഷിതമായി കയറ്റിവെച്ചിട്ടുണ്ട്. ആർക്കുവേണമെങ്കിലും നേരിട്ട് നിരീക്ഷിക്കാവുന്നതാണ്.

കാലവർഷം ശക്തിപ്പെടുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ സഞ്ചാരികളെ പ്രവേശിപ്പിക്കാറില്ല. ഇത്തരം വസ്തുതകൾ എല്ലാം നിലനിൽക്കേ ടൂറിസം മേഖലയിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങൾ പൂർണമായി തള്ളിക്കളയണമെന്നും എം. എൽ എ പറഞ്ഞു.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ജാഗ്രതാ നിർദേശം പിൻവലിക്കുന്ന മുറയ്ക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം പുനരാരംഭിക്കുന്നതാണ് എന്നും എം എൽ എ കൂട്ടിച്ചേർത്തു.

See also  എച്ച്എംപിവി വൈറസ് ഇന്ത്യയിലെത്തി; ബെംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുട്ടിക്ക്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article