ചിന്നക്കനാൽ (Chinnakkanal) : ചിന്നക്കനാലിൽ (Chinnakkanal) ചക്കക്കൊമ്പനും (Devikulam) പടയപ്പയുമിറങ്ങി. ഇടുക്കിയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷം. .ജനവാസ മേഖലയ്ക്ക് സമീപം തുടരുന്ന പടയപ്പയെ ആർആർടി സംഘം നിരീക്ഷിക്കുകയാണ്.
ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പൻ ആക്രമിച്ചത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായ പശു ഗുരുതരാവസ്ഥയിലാണ്. പശുവിനെ മേയ്ക്കുന്നതിനിടെ ആനയെ ഓടിക്കാൻ വാച്ചർമാർ തീയിട്ടെന്ന് നാട്ടുകാർ ആരോപിച്ചു. വിരണ്ടോടുന്നതിനിടെയായിരുന്നു ആന പശുവിനെ ആക്രമിച്ചത്.
ചക്കക്കൊമ്പന്റെ ആക്രമണത്തിൽനിന്ന് സരസമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആന വരുന്നത് കണ്ട് സരസമ്മ ഓടിമാറുകയായിരുന്നു. പരാതിപ്പെട്ടിട്ടും ചിന്നക്കനാലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.
മേഖലയിലെ പുൽമേടുകളിൽ കഴിഞ്ഞ ഒരു മാസമായി വ്യാപകമായി തീപിടിത്തം ഉണ്ടാകാറുണ്ട്. തീപിടിത്തത്തിന് പിന്നിൽ ആരെന്ന് അറിയില്ലെന്നാണു വനംവകുപ്പിന്റെ നിലപാട്. എന്നാൽ തീ കൊളുത്തുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്നാണു നാട്ടുകാരുടെ ആരോപണം.