പട്ടിക്കാട്: കുതിരാൻ പാലത്തിനു മുകളിൽ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇന്നോവ കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്പിൽ വീട്ടിൽ ചെറിയാൻ (72) ആണ് മരിച്ചത്. മൃതദേഹം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ.
ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. കുതിരാൻ തുരങ്കത്തിന് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഒറ്റവരിപ്പാതയിലാണ് ഇരു വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചത്. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ടു സ്ത്രീകളും നാല് പുരുഷന്മാരും അടക്കം ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു സ്ത്രീ ഗർഭിണിയാണ്. കോട്ടയം സ്വദേശി ജോൺ തോമസ് എന്നയാളുടെ കുടുംബാംഗങ്ങൾ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നവർ.
പരിക്കേറ്റവരിൽ മൂന്നു പേരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ തൃശ്ശൂർ ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. ഇന്നോവ കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്ന് ഏറെ നേരം പരിശ്രമിച്ചാണ് ട്രെയിലർ ലോറിയുടെ അടിയിൽ നിന്നും കാർ വലിച്ചെടുത്തത്. മണ്ണുത്തി പോലീസ്, മണ്ണുത്തി ഹൈവേ പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.