തൃശൂർ: ചെറുകിട കർഷകന് വിദേശത്തും സ്വദേശത്തും ഉൾപ്പെടെ വലിയ വിപണി സാദ്ധ്യത സൃഷ്ടിക്കുന്ന ക്യാപ്കോയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന ക്യാപ്കോയിൽ കർഷകനും പങ്കാളിയാകും. കാർഷിക മേഖലയ്ക്കായി കേന്ദ്രസർക്കാർ ഡിസംബർ മാസം വരെ 1.7500 കോടിയാണ് അനുവദിക്കേണ്ടിയിരുന്നത്. കേന്ദ്രസഹായം ലഭിക്കാത്ത സാഹചര്യത്തിലും കാർഷിക മേഖലയുടെ അഭിവൃദ്ധിയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ലോക ബാങ്ക് സഹായം തേടിയിരുന്നു. 2024 ൽ ലോക ബാങ്ക് സഹായത്തോടെ ആദ്യ ഗഡു ഉപയോഗിച്ചുള്ള പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒല്ലൂർ കൃഷി സമൃദ്ധിയുടെ ജൈവ പച്ചക്കറി വിതരണത്തിനായി കളക്ടറേറ്റ് വളപ്പിൽ സ്റ്റാൾ ആരംഭിക്കുമെന്ന് അദ്ധ്യക്ഷനായ റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി മുഖ്യാതിഥിയായി. മാടക്കത്തറ
പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാ മോഹൻ ആദ്യ വിൽപ്പന നടത്തി. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ ചെയർമാൻ കനിഷ്കൻ കെ.വിൽസൺ, മാനേജിംഗ് ഡയറക്ടർ എം.എസ്. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.വിനയൻ, കെ.വി.സജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം പി.കെ.സുരേഷ് ബാബു, ഉഷാ മേരി ഡാനിയൽ, പി.സി.സത്യവർമ്മ, കൃഷിസമൃദ്ധി എഫ്.പി.സി. സി.ഇ.ഒ ശില്പ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.