സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ (By elections) പത്ത് സീറ്റുകൾ സ്വന്തമാക്കി കോൺഗ്രസ് (Congress). എല്‍ഡിഎഫ് (LDF) 9 സീറ്റുകളിലും ബിജെപി (BJP) 3 സീറ്റുകളിലും വിജയിച്ചു. ഒരിടത്ത് സ്വതന്ത്രനാണ് വിജയിച്ചത്.
ആറ് സീറ്റുകളിൽ എൽഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപി കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നാണ് ബിജെപി പിടിച്ചെടുത്തത്.
ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജന്‍ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.10 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടിയത്. ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്.